കോഴിക്കോട്: ലോക കപ്പ് ചാംപ്യന്‍മാരായ അര്‍ജന്റീനയുടെ ടീമിനെ കേരളത്തില്‍ കൊണ്ടുവരാനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതിനിടെ, സംസ്ഥാനത്തെ ഫുട്‌ബോള്‍ പരിശീലന സൗകര്യങ്ങളുടെ അപര്യാപ്തത തുറന്നുകാട്ടി ആഷിഖ് കുരുണിയന്‍. അര്‍ജന്റീനയെ കളിപ്പിക്കാന്‍ കോടികള്‍ ചെലവാക്കുന്നതിന് പകരം ഇവിടെയുള്ള താരങ്ങള്‍ക്ക് പരിശീലനം നടത്താന്‍ പാകത്തിലുള്ള ഗ്രൗണ്ടുകള്‍ ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ആഷിഖ് കുരുണിയന്‍ പറഞ്ഞു. മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ ആഷിഖ്, മീഡിയാവണ്‍ ചാനിലുമായി സംസാരിക്കുകയായിരുന്നു. ദേശീയ ടീമിന്റെ ഭാഗമായ ആഷിഖ്, ഐഎസ്എല്ലില്‍ മോഹന്‍ ബഗാനോടൊപ്പമാണ്.
|
ആഷിഖിന്റെ വാക്കുകള്‍:
കേരളത്തില്‍ പ്രാക്ടീസ് ചെയ്യാന്‍ ഒരു ഗ്രൗണ്ടില്ല. ഒരുപാട് ഐ.എസ്.എല്‍ കളിക്കാര്‍ എന്റെ നാടായ മലപ്പുറത്ത് ഉണ്ട്. അണ്ടര്‍ 19 ലുള്‍പ്പെടെ ഇന്ത്യക്ക് വേണ്ടി കളിക്കുന്നവരും ഉണ്ട്. സെവന്‍സ് കളിക്കുന്ന ടര്‍ഫിലാണ് അതും വാടക്ക് എടുത്ത് ഞങ്ങളൊക്കെ പ്രാക്ടീസ് ചെയ്യുന്നത്. സെവന്‍സ് കളിക്കുന്ന ഗ്രൗണ്ടില്‍ പ്രാക്ടീസ് ചെയ്തത് കൊണ്ട് ഒരു ഗുണവും ഇല്ല. കാരണം ക്രോസുകളും കിക്കുകളും എടുക്കാന്‍ കഴിയില്ല. അതിന് ഇലവന്‍സ് ഗ്രൗണ്ട് തന്നെ വേണം. കൂടാതെ പുല്ലും വേണം. മലപ്പുറത്ത് ആകെ രണ്ട് സ്‌റ്റേഡിയങ്ങളാണ് ഉള്ളത്, മഞ്ചേരിയും കോട്ടപ്പടിയും. ഇവ രണ്ടും ടൂര്‍ണമന്റിനല്ലാതെ തുറക്കില്ല. ഏത് സര്‍ക്കാറാണെങ്കിലും കാലങ്ങളായി ഇങ്ങനെയാണ്. ഫുട്‌ബോളിനെ വളര്‍ത്താന്‍ ശരിക്കും ലക്ഷ്യമിടുന്നെങ്കില്‍ ആദ്യം കളിക്കാര്‍ക്ക് വളര്‍ന്നുവരാനുള്ള സൗകര്യങ്ങളാണ് ഒരുക്കേണ്ടത്. ഇഗോര്‍ സ്റ്റിമാച്ച് പരിശീലകനായി വന്ന സമയത്ത് ഓഫ് സീസണില്‍ നാട്ടില്‍പോയി പരിശീലിക്കാന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. ഗ്രൗണ്ടില്ലാത്തതിനാല്‍ എനിക്കതിന് കഴിഞ്ഞില്ല. മലപ്പുറത്തെ അവസ്ഥ മാത്രമല്ല കേരളത്തിലെ എല്ലാ ജില്ലകളിലും അവസ്ഥ ഇതാണ്, പ്രാക്ടീസ് ചെയ്യാന്‍ കഴിയുന്ന നിലവാരമുള്ള ഗ്രൗണ്ടുകള്‍ എവിടെയുമില്ല. ഒഡീഷയിലായിരുന്നു ഇന്റര്‍കോണ്ടിനന്റല്‍ ടൂര്‍ണമെന്റ് നടന്നത്. അവിടുത്തെ പരിശീലന കേന്ദ്രങ്ങളൊക്കെ യൂറോപ്പ് മാതൃകയിലാണ്. ഒരു കോമ്പൗണ്ടിനുള്ളില്‍ തന്നെ മൂന്നിലധികം ക്വാളിറ്റിയുള്ള മൈതാനങ്ങള്‍ ഉണ്ട്. കൂടാതെ അതിനുള്ളില്‍ ടര്‍ഫും. അവിടുന്ന് ഒരൊറ്റ ദേശീയ താരവും ഇല്ലെന്ന് ഓര്‍ക്കണം. എന്നാല്‍ കേരളത്തില്‍ നിന്ന് ഒരുപാട് താരങ്ങള്‍ ഐഎസ്എല്ലില്‍ കളിക്കുന്നുണ്ട്. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലും മലയാളി താരങ്ങളുണ്ട്. എന്നാല്‍ ഞങ്ങള്‍ക്ക് അത്തരത്തിലുള്ളൊരു സൗകര്യമില്ല. ആഷിഖ് കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച നടന്ന സാഫ് കപ്പ് ഫൈനലില്‍ കുവൈത്തിനോട് സമനില പിടിക്കാന്‍ കാരണമായ ഗോളിന് വഴിയൊരുക്കിയത് ആഷിഖ് കുരുണിയന്‍ ആയിരുന്നു.


