ഇന്ത്യ- കാനഡ ബന്ധം ഉഴലുന്നതിനിടെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി
|
ന്യൂഡല്‍ഹി: ഇന്ത്യ- കാനഡ ബന്ധം ഉഴലുന്നതിനിടെ കൊലപാതക കേസിന് പിന്നില്‍ പങ്ക് ആരോപിച്ച് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. കാനഡയിലെ സിഖ് നേതാവും ഖാലിസ്ഥാന്‍ അനുകൂലിയുമായ ഹര്‍ദീപ് സിംഗ് ഹിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് കനേഡിയന്‍ ഗവണ്മെന്റിന്റെ നീക്കം. ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന് പവന് കുമാര്‍ റായിയെയാണ് പുറത്താക്കിയത്. ഹര്‍ദീപ് സിംഗ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യയാകാമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയത്. ഇക്കഴിഞ്ഞ ജൂണിലാണ് കാനഡയിലെ ഗുരുദ്വാരക്ക് മുന്നില്‍ വെച്ച് ഹര്‍ദീപ് സിംഗ് വെടിയേറ്റ് മരിച്ചത്.
ഇന്ത്യയും കാനഡയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടി (എഫ്ടിഎ) സംബന്ധിച്ച ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതിന് പിന്നാലെയാണ് പുതിയ നടപടി. ഒക്ടോബറില്‍ വ്യാപാര ദൗത്യത്തിനായി കനേഡിയന്‍ വ്യാപാര മന്ത്രി മേരി എന്‍ജി ഇന്ത്യ സന്ദര്‍ശിക്കേണ്ടതായിരുന്നു. ഇതിനിടെയില്‍ സ്വതന്ത്ര വ്യാപാര ഉടമ്പടി ചര്‍ച്ച ചെയ്യുമെന്നായിരുന്നു വിവരം. എന്നാല്‍ പുതിയ സാഹചര്യങ്ങള്‍ പരിഗണിച്ച് കാനഡ ചര്‍ച്ചകള്‍ തല്കാലം നിര്‍ത്തിവെയ്ക്കുകയായിരുന്നു.
സെപ്റ്റംബര്‍ 10ന് ഖാലിസ്ഥാന്റെ ആവശ്യമുന്നയിച്ച് സിഖ് ഫോര്‍ ജസ്റ്റിസ് ഗ്രൂപ്പ് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാനഡയിലെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയോട് ആശങ്ക പ്രകടിപ്പിച്ചത്.
അഭിപ്രായ സ്വാതന്ത്ര്യം, മനസാക്ഷി സ്വാതന്ത്ര്യം, സമാധാനപരമായ പ്രതിഷേധ പ്രകടനങ്ങള്‍ എന്നിവ കാനഡ എപ്പോഴും സംരക്ഷിക്കുമെന്ന് ജി20 ഉച്ചകോടി അവസാനിച്ചതിന് ശേഷം ട്രൂഡോ പറഞ്ഞു. ഇത് ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ്. അതേ സമയം അക്രമവും വിദ്വേഷവും അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയും കാനഡയും തമ്മില്‍ അകലുന്നു
ഖാലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യയും കാനഡയും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ട്രൂഡോയുടെ കാലത്ത്, നിരവധി ഖാലിസ്ഥാന്‍ അനുകൂലികള്‍ ഇന്ത്യന്‍ വംശജരെ ആക്രമിക്കുകയുണ്ടായി. ഇതിനെ ഇന്ത്യ രൂക്ഷമായി വിമര്‍ശിച്ചു. ഖാലിസ്ഥാനി പ്രവര്‍ത്തകരോടുള്ള ട്രൂഡോയുടെ നിലപാട് ഇതുമൂലം ഇന്ത്യയും കാനഡയും തമ്മിലുള്ള അകലം വര്‍ദ്ധിക്കുകയാണ്.


