|
കൊല്ലം: സ്കൂട്ടർ യാത്രികരായ സ്ത്രീകളെ ഇടിച്ചു വീഴ്ത്തി കാർ ദേഹത്തുകൂടി കയറ്റിയിറക്കി ലഹരിക്ക് അടിമയായ യുവാവ്. സംഭവത്തിൽ ഒരാള് മരിച്ചു. അപകടത്തിൽ പരിക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) ആണ് മരിച്ചത്. മറ്റൊരു സ്കൂട്ടർ യാത്രക്കാരി ഫൗസിയയ്ക്കു പരിക്കേറ്റു.
മൈനാഗപ്പള്ളി ആനൂർക്കാവിൽ ഇന്നലെ വൈകിട്ട് 5.45നായിരുന്നു സംഭവം. സംഭവത്തിൽ കാർ ഓടിച്ച കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മൽ പിടിയിലായി. ശാസ്താംകോട്ട പതാരത്ത് നിന്നാണ് ഇയാൾ പിടിയിലായത്. ഇയാളെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്.
കാറും കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങിയതായാണ് നാട്ടുകാർ പറയുന്നത്. കാർ ഇടിച്ചയുടനെ വാഹനം നിർത്താൻ നാട്ടുകാർ അജ്മലിനോട് പറഞ്ഞെങ്കിലും ഇയാൾ അമിതവേഗത്തിൽ കുഞ്ഞുമോളുടെ ദേഹത്തുകൂടി കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
ഇയാൾ ലഹരിമരുന്ന് കേസിലടക്കം പ്രതിയാണോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. കാറിലുണ്ടായിരുന്ന യുവവനിതാ ഡോക്ടറെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇവർ മദ്യലഹരിയിലാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ സംഭവമുണ്ടായിടത്ത് നിന്ന് രക്ഷപ്പെടുന്നതിനിടെ പ്രതി ഒരു മതിലിലും ബൈക്കിലും കാർ ഇടിച്ചു കയറ്റിയെന്നും പ്രദേശവാസികൾ പറയുന്നു.





