28
Sep 2023
Thu
28 Sep 2023 Thu

കൊച്ചി കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഓണ്‍ലൈന്‍ ലോണ്‍ ആപ്പിനെതിരെ കേസെടുത്ത് പൊലീസ്. ലോൺ ആപ്പായ ഹാപ്പി വാലറ്റിനെതിരെ വരാപ്പുഴ പൊലീസാണ് കേസെടുത്തത്. മരിച്ചവരുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് നടപടി. ഇതിനിടെ, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് വീണ്ടും കുടുംബത്തിന് നേരെ ഭീഷണി ഉണ്ടാകുന്നുണ്ടെന്നും പരാതിയുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കടമക്കുടി മാടശ്ശേരി നിജോ (39) ഭാര്യ ശില്‍പ, മക്കള്‍ ഏബല്‍ (7), ആരോണ്‍(5) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും എബലും ആരോണും വിഷം ഉള്ളില്‍ ചെന്ന് കട്ടിലില്‍ മരിച്ച് കിടക്കുന്ന നിലയിലുമായിരുന്നു.

കുഞ്ഞുങ്ങളെ കൊലപ്പെടുത്തി നിജോയും ശിൽപയും ജീവനൊടുക്കുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ജീവിതം അവസാനിപ്പിക്കുന്നുവെന്ന് മുറിയിൽ കണ്ടെടുത്ത കത്തിൽ പറഞ്ഞിരുന്നു.

ശിൽപയെടുത്ത വായ്പയിൽ 9300 രൂപ കുടിശ്ശികയുണ്ടെന്ന് കാണിച്ച് നിജോയുടെ ബന്ധുവിന് ഓൺലൈൻ ആപ്പുകാർ സന്ദേശമയച്ചിരുന്നു. അടച്ചുതീർക്കാനുള്ള തുക കാണിച്ചുള്ള സ്റ്റേറ്റ്‌മെന്റും ശിൽപയുടെ മോർഫ് ചെയ്ത ചിത്രവും ഒരു ശബ്ദസന്ദേശവും ഒപ്പമയച്ചു. വിളിച്ചിട്ട് ശിൽപ ഫോൺ എടുക്കുന്നില്ലെന്നും പണം ഉടൻ അടച്ചില്ലെങ്കിൽ മോർഫ് ചെയ്ത നഗ്നചിത്രം കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് അയച്ചുനൽകുമെന്നായിരുന്നു ഭീഷണി.

ഇതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങൾ ബന്ധുക്കൾ പൊലീസിന് കൈമാറിയിരുന്നു. എന്നാൽ മരണത്തിന് ശേഷവും ശില്പയുടെ മോര്‍ഫ് ചെയ്ത ചിത്രത്തിനൊപ്പം ചില ഓഡിയോ സന്ദേശങ്ങളും ബന്ധുക്കളുടെ ഫോണിലേക്ക് എത്തുന്നുണ്ട്. ശ്രീലങ്കയില്‍ രജിസ്റ്റര്‍ ചെയ്ത നമ്പരില്‍ നിന്നാണ് കോള്‍ വരുന്നത്. ലിജോയുടെയും ഭാര്യയുടെയും ഫോണ്‍ പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

ഡിസൈന്‍ ജോലിക്കാരനായ നിജോയെ ജോലിക്കായി അയല്‍വാസി തമ്പി രാവിലെ വീട്ടുമുറ്റത്തെത്തി വിളിച്ചെങ്കിലും കേട്ടില്ല. പിന്നാലെ താഴത്തെ നിലയില്‍ താമസിക്കുന്ന നിജോയുടെ അമ്മയുടെ സഹായത്തോടെ വിളിച്ചു. ഒടുവില്‍ മുകളിലെത്തി മുറിയുടെ വാതില്‍ തള്ളി തുറന്നപ്പോഴാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.