23
Nov 2025
Fri
23 Nov 2025 Fri
rahul mamkootathil jobi

തിരുവനന്തപുരം: ലൈംഗിക പീഡനം നടത്തിയെന്ന യുവതിയുടെ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കും സുഹൃത്തിനുമെതിരേ കേസെടുത്തു. അശാസ്ത്രീയമായി ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. തിരുവനന്തപുരം വലിയമല പൊലീസും നേമം പോലീസുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയത്. ഇന്നലെ വിശദമായി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാഹുലിനു പുറമേ യുവ വ്യവസായിയും രാഹുലിന്റെ അടുത്ത സുഹൃത്തുമായ ജോബി ജോസഫാണ് കേസിലെ മറ്റൊരു പ്രതി. ഗര്‍ഭഛിദ്രം നടത്താന്‍ ബംഗളൂരുവില്‍ നിന്ന് മരുന്നെത്തിച്ചു എന്നതാണ് ജോബി ജോസഫിനെതിരായ കുറ്റം.

രാഹുലിനെതിരേ ഡിജിറ്റല്‍ തെളിവ്

കേസ് നേമം പൊലീസിന് കൈമാറും. ഡിജിറ്റല്‍ തെളിവുകള്‍ക്ക് പുറമെ താന്‍ പല ഘട്ടങ്ങളിലായി വൈദ്യസഹായം തേടിയ മെഡിക്കല്‍ രേഖകളും പെണ്‍കുട്ടി പൊലീസിന് കൈമാറിയിരുന്നു. പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി പൊലീസ് ഉടന്‍ അപേക്ഷ നല്‍കും. തിരുവനന്തപുരം റൂറല്‍ എസ്പിക്കാണ് കേസിന്റെ അന്വേഷണ ചുമതല.

രാഹുല്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്ത് മുങ്ങി

അതേസമയം, രാഹുലിനെ ബന്ധപ്പെടാന്‍ ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ല. വാര്‍ത്ത വന്നതിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു രാഹുല്‍ ഫോണ്‍ ഓഫാക്കി രാഹുല്‍ മുങ്ങുകയായിരുന്നു. തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയും പോലീസ് പരിഗണിക്കുന്നുണ്ട്. എന്നാല്‍, നിലവില്‍ രാഹുല്‍ പാലക്കാട് തന്നെയുണ്ടെന്നാണ് സൂചന. കേസില്‍ മുന്‍കൂര്‍ജാമ്യത്തിനുള്ള നീക്കം രാഹുല്‍ നടത്തിവരികയാണ്. കൊച്ചിയിലെ അഭിഭാഷകനുമായി രാഹുല്‍ സംസാരിച്ചതായാണ് വിവരം.

ഇന്നലെയാണ് മുഖ്യമന്ത്രിയെ കണ്ട് പെണ്‍കുട്ടി തന്റെ പരാതി കൈമാറിയത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കുകയായിരുന്നു. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതിയുടെ പരാതി.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടുളള പരാതിയാണ് യുവതി മുഖ്യമന്ത്രിക്ക് നല്‍കിയത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ യുവതി പരാതിയ്ക്കൊപ്പം കൈമാറിയിരുന്നു.

സമൂഹ മാധ്യമങ്ങളില്‍ ആക്രമണം

സമൂഹമാധ്യമങ്ങളിലെ അതിക്രമത്തിന് എതിരെയും പരാതി നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ നടക്കുന്നതായാണ് യുവതി പരാതിയില്‍ പറയുന്നത്. നേരത്തെ ഗര്‍ഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട് ശബ്ദരേഖകളും സന്ദേശങ്ങളും ആരോപണങ്ങളും പുറത്തുവന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിരോധിച്ചത് ഏതെങ്കിലും രീതിയില്‍ പരാതി എനിക്കെതിരെ ഉണ്ടോ, ഉണ്ടെങ്കില്‍ പറയൂ എന്നായിരുന്നു.

കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പ്രചാരണം നടത്തുന്നതിനിടെ, പുറത്തുവന്ന ശബ്ദരേഖകളെക്കുറിച്ചുളള മാധ്യമങ്ങളുടെ ചോദ്യത്തിന് സ്ഥാനാര്‍ത്ഥികള്‍ക്കും പാലക്കാട്ടുകാര്‍ക്കും ഇല്ലാത്ത പ്രശ്‌നം മാധ്യമങ്ങള്‍ക്ക് വേണ്ട എന്നായിരുന്നു രാഹുലിന്റെ മറുപടി.

എന്നാല്‍, പോലീസില്‍ പരാതി നല്‍കിയതോടെ ഔദ്യോഗിക വാഹനം ഒഴിവാക്കി ഒളിവില്‍ പോവുകയായിരുന്നു. ഇന്നലെ വൈകീട്ട് 4.50ന് ആണ് യുവതി പരാതി നല്‍കിയ വാര്‍ത്ത വന്നത്. ഈ സമയത്ത് രാഹുല്‍ കണ്ണാടി എന്ന സ്ഥലത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. വാര്‍ത്തയെക്കുറിച്ച് അറിഞ്ഞതോടെ രാഹുല്‍ പാലക്കാട് നഗരത്തിലെത്തി. 5.45ഓടെ പേഴസണല്‍ ഫോണ്‍ സ്വിച്ച് ഓഫായി. പിന്നീട് പേഴ്‌സണല്‍ അസിറ്റന്റുമാരുടെ ഫോണും സ്വിച്ചോഫായി.