26
Mar 2023
Fri
26 Mar 2023 Fri

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ സ്വാഗതഗാനത്തില്‍ മുസ്ലിംവിരുദ്ധ ദൃശ്യാവിഷ്കാരം അവതരിപ്പിച്ച സംഭവത്തില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. ഹൈക്കോടതി അഭിഭാഷകനും രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന സെക്രട്ടറിയുമായ അനൂപ് വി ആറിന്‍റെ പരാതിയില്‍ കോഴിക്കോട് നാലാം നമ്പർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതേ തുടര്‍ന്ന് നടക്കാവ് പൊലീസ് കേസെടുത്തു. ഐപിസി 153 എ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. നേരത്തെ, വിഷയത്തില്‍ നടക്കാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

ജനുവരിയില്‍ കോഴിക്കോട് നടന്ന 61ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ച ശേഷം അരങ്ങേറിയ സ്വാഗതഗാനത്തിലെ ദൃശ്യാവിഷ്കാരത്തിലാണ് കഫിയ്യയിട്ട മുസ്ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചത്.
മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഉദ്യോഗസ്ഥരും മറ്റ് ജനപ്രതിനിധികളുമടങ്ങുന്ന പ്രമുഖരുടേയും രക്ഷിതാക്കളും കുട്ടികളും നാട്ടുകാരും കലാകാരന്മാരും അടങ്ങുന്ന നിരവധി കാണികളുടേയും മുന്നിലായിരുന്നു മതനിന്ദാ ദൃശ്യാവിഷ്കാരം അരങ്ങേറിയത്. സംഭവം വന്‍ വിവാദമാവുകയും പ്രതിഷേധം ഉയരുകയും ചെയ്തു. എന്നാല്‍, പരിശോധിക്കാമെന്ന് പറഞ്ഞെങ്കിലും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.

മാതാ പേരാമ്പ്ര എന്ന സാംസ്കാരിക സംഘടനയ്ക്കായിരുന്നു വിവാദ ദൃശ്യാവിഷ്കാരത്തിന്‍റെ ചുമതല. ആര്‍എസ്എസ് പ്രവര്‍ത്തകനായ സതീഷ് ബാബുവായിരുന്നു ദൃശ്യാവിഷ്കാരം തയാറാക്കിയത്. തീ​വ്ര​വാ​ദി​യാ​യി വേ​ഷ​മി​ട്ട​യാ​ളും ആര്‍എസ്എസ് സംഘടനയായ സേ​വാ​ഭാ​ര​തിയുടെ പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നും ആരോപണമുയര്‍ന്നിരുന്നു. ദൃ​ശ്യാ​വി​ഷ്കാ​ര​ത്തി​ൽ ജ​വാ​ന്മാ​ർ പി​ടി​കൂ​ടു​ന്ന തീ​വ്ര​വാ​ദി മുസ്ലിം വേഷ​മ​ണി​ഞ്ഞ്​ രം​ഗ​പ്ര​വേ​ശ​നം ചെ​യ്തതാ​ണ്​ വി​വാ​ദ​മാ​യ​ത്. ഇ​ത്​ കൊ​ച്ചു കു​ട്ടി​ക​ളി​ൽ പോ​ലും ഇ​സ്​​ലാ​മോ​​ഫോ​ബി​യ സൃ​ഷ്ടി​ക്കു​ന്ന​താ​ണെ​ന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയത്.