22
Feb 2025
Sat
22 Feb 2025 Sat
Bauxite mining may commence in Kasaragod

കാസര്‍കോട്: കേരളത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലയാണ് കാസര്‍കോഡ്. (Central team finds great potential for bauxite mining in Kasaragod district) പലപ്പോഴും സംസ്ഥാനത്തിന്റെ വടക്കേയറ്റത്ത് ഇങ്ങിനെ ഒരു ജില്ലയുണ്ടെന്ന കാര്യം തന്നെ അധികാരികള്‍ക്ക് ഓര്‍മയുണ്ടാവാറില്ല. എന്നാല്‍, സംസ്ഥാന ഭരണകൂടത്തിന്റെ മുഴുവന്‍ ശ്രദ്ധ കാസര്‍കോഡേക്ക് തിരിയുന്ന കണ്ടെത്തലാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബദിയഡുക്ക ഉക്കിനടുക്കയിലെ പാറപ്രദേശത്ത് ബോക്‌സൈറ്റ് ഖനനത്തിന് വലിയ സാധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ നിധിയാണ് മണ്ണിനടിയില്‍ കിടക്കുന്നത്.

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ) പ്രാഥമിക സര്‍വേ പൂര്‍ത്തിയാക്കി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. മഞ്ചേശ്വരം താലൂക്കിലെ ബദിയഡുക്ക, എന്‍മകജെ വില്ലേജുകളിലായി 2.85 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് ഖനനം ലക്ഷ്യമിടുന്നത്.

ALSO READ: ഇന്‍കം ടാക്‌സ് ഓഫീസര്‍ ചമഞ്ഞ് ഹണി ട്രാപ്പ്; കാസര്‍ക്കോട്ട് യുവതി ലക്ഷങ്ങള്‍ തട്ടി; പിടികൊടുക്കാതെ പ്രതി

നാലുമീറ്റര്‍ താഴ്ചയില്‍ വെട്ടുകല്ല് മാതൃകയില്‍ എടുത്താല്‍ രണ്ടുകോടി ടണ്‍ കല്ല് ലഭിക്കും. ഇതില്‍ 44.4 ശതമാനം അലുമിനിയം ഓക്‌സൈഡുണ്ട്. സിലിക്കണ്‍ 5.17, ഫെറിക് ഓക്‌സൈഡ് 22.6, ടൈറ്റാനിയം ഡൈ ഓക്‌സൈഡ് 1.76 ശതമാനം എന്നിവയുമുണ്ട്.

നിലവില്‍ ഏറ്റവും വലിയ അലുമിനിയം ഖനന കമ്പനിയായ വേദാന്ത ഗ്രൂപ്പ് ഒഡിഷയില്‍നിന്നും കുഴിച്ചെടുക്കുന്ന മണ്ണില്‍ 40 ശതമാനം അലുമിനിയമാണുള്ളത്. ഉക്കിനടുക്കയില്‍ ഇതില്‍ കൂടുതലുണ്ടെന്ന് ജിഎസ്‌ഐ അറിയിച്ചു. അതുകൊണ്ട് തന്നെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാവുകയാണ് ഈ കണ്ടെത്തല്‍.

നേരത്തെ മുള്ളേരിയ താലൂക്കിലെ 1.5 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തും ബോക്‌സൈറ്റ് ഖനനത്തിനുള്ള സാധ്യത കണ്ടെത്തിയിട്ടുണ്ട്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പഠനങ്ങളില്‍ വാണിജ്യപരമായി ഖനനം ചെയ്യാവുന്ന ധാതു നിക്ഷേപം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബോക്‌സൈറ്റ് ഖനനത്തിനുള്ള അവകാശം ലേലം ചെയ്യാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപോര്‍ട്ടുണ്ട്.

അലുമിനിയം, സിമന്റ് നിര്‍മാണം തുടങ്ങിയ വ്യവസായങ്ങള്‍ക്ക് അത്യന്താപേക്ഷിതമായ പ്രകൃതിദത്ത വിഭവമാണ് ബോക്‌സൈറ്റ്. ഗവേഷണത്തിന്റെ ഭാഗമായി വിശദമായ മാപ്പിംഗും സാമ്പിളുകളും ശേഖരിച്ച് സാമ്പത്തികമായി ലാഭകരമായ മേഖലകള്‍ കണ്ടെത്തിയിട്ടുണ്ട്.

ഖനനത്തിന്റെ സാധ്യതകള്‍

മുള്ളേരിയ പ്രദേശത്ത് 0.2113 ദശലക്ഷം ടണ്‍ ഉയര്‍ന്ന ഗ്രേഡ് ബോക്‌സൈറ്റും 5.1417 ദശലക്ഷം ടണ്‍ അലൂമിനിയസ് ലാറ്ററൈറ്റും ഖനനം ചെയ്യാന്‍ കഴിയുമെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മുള്ളേരിയയിലെ പ്രദേശം വനം വകുപ്പിന്റെ കാടകം റിസര്‍വ് ഫോറസ്റ്റിന്റെ അതിര്‍ത്തി പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഉക്കിനടുക്കയിലെഭൂമി സ്വകാര്യ വ്യക്തികളുടെയും സര്‍ക്കാരിന്റെയും ഉടമസ്ഥതയിലുള്ളതാണ്.

സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് വന്‍തുക
കൊല്ലം ചവറയിലെ കെഎംഎംഎല്‍, ഇന്ത്യന്‍ റയര്‍ എര്‍ത്ത് ലിമിറ്റഡ് എന്നിവയുടെ ഖനന മാതൃകയിലാകും ഉക്കിനടുക്കയിലും ഖനനം. സര്‍വേ പ്രദേശത്ത് സ്വകാര്യഭൂമിയില്‍ 284 വീടുകളുണ്ട്.

സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് വലിയ പാട്ടത്തുക ലഭിക്കും. കല്ലെടുത്തശേഷം നികത്തി കൃഷിഭൂമിയാക്കി തിരിച്ചുനല്‍കും. ഈ ഭൂമിയില്‍ ഭാവിയില്‍ ഭവന നിര്‍മ്മാണ പദ്ധതിക്കും മറ്റും മുന്‍ഗണന നല്‍കും. ദേശീയ പൊതുലേലത്തിലൂടെയാണ് ഖനനാനുമതി നല്‍കുക.

5000 കോടിയുടെ നിധി

ഖനന അവകാശ ലേലത്തിലൂടെ ഏകദേശം 5000 കോടി രൂപ വരുമാനം നേടാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ലേല നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ ഒരു ഉന്നതതല കമ്മിറ്റി രൂപീകരിക്കുമെന്നാണ് സൂചന. ലേലം സുഗമമാക്കുന്നതിന് ഉപദേഷ്ടാവിനെയും സര്‍ക്കാര്‍ നിയമിച്ചേക്കാം.

വികസന പ്രതീക്ഷയില്‍ കാസര്‍കോഡ്

ബോക്‌സൈറ്റ് ഖനനം ആരംഭിക്കുന്നതോടെ ഏറെ പിന്നാക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയുടെ വികസനത്തിന് പുതിയൊരു ഉണര്‍വ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഖനനത്തിലൂടെ ലഭിക്കുന്ന വരുമാനം അടിസ്ഥാന സൗകര്യ വികസനത്തിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായിക്കും. ഇത് വ്യവസായ മേഖലയിലുള്‍പ്പെടെ വികസന കുതിപ്പിന് വഴിവയ്ക്കും.