തൃശൂര്‍: പ്രൊഫഷനല്‍ മോഷ്ടാവല്ലെങ്കിലും ചാലക്കുടിയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയ പ്രതി റിജോ ആന്റണി പോലീസിനെയും നാട്ടുകാരെയും വട്ടംചുറ്റിച്ചത് അതിവിദഗ്ധമായി. (Chalakkudy Bank Robbery: Rijo Antony committed the robbery in the second attempt) അന്വേഷണം വഴിതെറ്റിക്കാന്‍ പലവിധ തന്ത്രങ്ങളാണ് റിജോ പയറ്റിയത്. രണ്ടാം ശ്രമത്തിലാണ് മോഷണം യാഥാര്‍ത്ഥ്യമായതെന്ന വിവരവും പുറത്തുവന്നു.
|
പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന്റെ അന്ന് റിജോയുടെ വീട്ടില്‍ കുടുംബ സമ്മേളനം നടത്തിയിരുന്നതായി മുന്‍സിപ്പില്‍ കൗണ്‍സില്‍ വാര്‍ഡ് മെമ്പര്‍ ജിജി ജോണ്‍സണ്‍ പറഞ്ഞു. കുടുംബ സമ്മേളനം നടക്കുന്ന സമയത്ത് ബാങ്ക് കൊളളയെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും കളളനെ പിടിക്കാന്‍ പൊലീസിന് സാധിക്കില്ലെന്ന് പ്രതി പറഞ്ഞതായും ജിജി ജോണ്‍സണ്‍ പറഞ്ഞു.
കവര്‍ച്ചയെ കുറിച്ച് സംസാരിച്ചപ്പോള്‍ കളളനെ പിടിക്കാന്‍ കഴിയില്ലെന്നും അയാള്‍ എവിടെയെങ്കിലും പോയി കാണുമെന്നുമായിരുന്നു റിജോയുടെ പ്രതികരണം. കവര്‍ച്ച നടത്തിയതിന് ശേഷം ആര്‍ക്കും സംശയം തോന്നാത്ത വിധം തികച്ചും സ്വാഭാവികമായായണ് റിജോ പെരുമാറിയിരുന്നതെന്നും ജിജി ജോണ്‍സണ്‍ പറഞ്ഞു.
ചാലക്കുടിയില്‍ ബാങ്ക് കൊള്ളയടിച്ച പണം തട്ടിയ റിജോ ആന്റണിയെ ഞായറാഴ്ച രാത്രിയാണ് പൊലീസ് പിടികൂടുന്നത്. 40 ലക്ഷത്തിലധികമാണ് റിജോയ്ക്ക് കടമായി ഉണ്ടായിരുന്നത്. ഇത് തീര്‍ക്കാനാണ് മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി.
മോഷണത്തിന് പിന്നാലെ 2.90 ലക്ഷം ഒരാള്‍ക്ക് കടം വീട്ടാനായി കൊടുത്തു. മോഷ്ടിച്ച പണം കൊണ്ട് മദ്യം വാങ്ങി. ബാക്കി പണം പൊട്ടിക്കൊതെ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രതി പറയുന്നുണ്ട്.
ഭാര്യ കുവൈത്തലെ നഴ്‌സാണ്. അവര്‍ അയച്ചുകൊടുത്ത പണം മുഴുവന്‍ ആഡംബര ജീവിതത്തിലൂടെ ധൂര്‍ത്തടിച്ച് തീര്‍ത്തിരുന്നു. അവധിക്ക് ഭാര്യ നാട്ടിലേക്ക് തിരിച്ചെത്താനായെന്നും കടം വീട്ടേണ്ടതിനാലാണ് മോഷണം നടത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു.
രണ്ടാം ശ്രമത്തിലാണ് പ്രതി ബാങ്കില്‍ കയറി കവര്‍ച്ച നടത്തിയത്. കവര്‍ച്ച നടന്നതിന് നാല് ദിവസം മുമ്പായിരുന്നു പ്രതി ആദ്യ ശ്രമം നടത്തിയത്. എന്നാല്‍ പൊലീസ് ജീപ്പ് കണ്ടതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
കവര്‍ച്ചയ്ക്ക് ശേഷവും പോലീസിന്റെയും നാട്ടുകാരുടെയും കണ്ണുവെട്ടിക്കുന്ന രീതിയില്‍ വളരെ ആസൂത്രിതമായിരുന്നു പ്രതിയുടെ നീക്കം. വഴിയില്‍ വെച്ച് തന്നെ വസ്ത്രം മാറിയും വാഹനത്തിന് ചെറിയ മാറ്റം വരുത്തിയുമെല്ലാം അതിസമര്‍ത്ഥമായിട്ടായിരുന്നു പ്രതി ഇടവഴികളിലൂടെ സഞ്ചരിച്ചത്.
എന്നാല്‍, ഷൂ മാറ്റാതിരുന്നത് വിനയായി. വസ്ത്രവും വാഹനത്തിലെ മാറ്റവുമെല്ലാം പൊലീസിന്റെ കണ്ണുവെട്ടിക്കാന്‍ തുണയായെങ്കിലും ഷൂസിന്റെ അടിഭാഗത്തെ നിറം പിടിവള്ളിയാക്കിയാണ് പൊലീസ് പ്രതിയിലേയ്ക്ക് എത്തിയത്. കവര്‍ച്ചയ്ക്ക് മുമ്പോ ശേഷമോ ഫോണ്‍ ഉപയോഗിക്കാതിരിക്കാനും പ്രതി ശ്രദ്ധിച്ചിരുന്നു.
ഇതിനിടെ പ്രതി കവര്‍ച്ച നടത്തിയ പണത്തില്‍ നിന്നും 2,29,000 രൂപ കൂടി പൊലീസിന് ലഭിച്ചു. കവര്‍ച്ചയ്ക്ക് ശേഷം ഈ പണം പ്രതി കടം വാങ്ങിയ ആള്‍ക്ക് തിരിച്ച് നല്‍കിയിരുന്നു.
ഇയാളാണ് ഈ പണം പൊലീസിന് കൈമാറിയത്. കവര്‍ച്ച പണത്തില്‍ നിന്നും കടം വീട്ടിയതായി പ്രതി പോലീസിന് മൊഴി നല്‍കിയിരുന്നു. അന്നനാട് സ്വദേശിയാണ് പണം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ടെലിവിഷന്‍ വാര്‍ത്ത കണ്ടാണ് മോഷ്ടാവ് റിജോ ആണെന്ന് ഇയാള്‍ തിരിച്ചറിഞ്ഞത്.
എല്ലാ പഴുതും അടച്ച് കവർച്ച നടത്തിയതിനാൽ പൊലീസ് തന്നെ തേടിയെത്തില്ലെന്നായിരുന്നു പ്രതി വിശ്വസിച്ചിരുന്നത്. അതിനാൽ തന്നെയാണ് ബാങ്കിന് തൊട്ടടുത്തുള്ള വീട്ടിൽ തന്നെ പ്രതി കവർച്ച നടത്തിയ പണവുമായി കഴിച്ച് കൂട്ടിയത്.
ഉപയോഗിച്ചിരുന്ന ജാക്കറ്റ് പ്രതി വീട്ടിലെത്തിയ ശേഷം കത്തിച്ച് കളഞ്ഞിരുന്നു. വീട്ടിൽ കുടുംബസംഗമം നടക്കുന്ന ദിവസമായിരുന്നു പൊലീസ് പ്രതിയുടെ വീട്ടിലേയ്ക്ക് എത്തിച്ചേർന്നത്. പൊലീസ് എത്തിയതോടെ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.


