ആലത്തൂര്‍: എഐ ക്യാമറയില്‍ കുടുങ്ങിയവര്‍ക്ക് പിഴയടയ്ക്കാനുള്ള ചലാന്‍ അയക്കല്‍ കെല്‍ട്രോണ്‍ പുനരാരംഭിച്ചു.(Challans have started being sent again to those caught on AI cameras) പിഴയടയ്ക്കാനുള്ള ചലാന്‍ കുറച്ചുകാലമായി കിട്ടാതിരുന്നതിനാല്‍ നാട്ടിലെ എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാണെന്ന് കരുതി ഗതാഗതനിയമങ്ങള്‍ ലംഘിച്ചവര്‍ക്ക് വന്‍തുക പിഴ വരാനുള്ള സാധ്യതയുണ്ട്. കെല്‍ട്രോണിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുണ്ടായിരുന്ന പ്രതിഫലത്തുക അനുവദിച്ചതോടെയാണ് പണി തുടങ്ങിയത്.
|
80 ലക്ഷം പേരില്‍നിന്ന് 500 കോടി രൂപ പിഴയീടാക്കാനുണ്ടെന്നാണ് കണക്ക്. ഗതാഗതനിയമലംഘനം തടയുന്നതിനൊപ്പം സര്‍ക്കാരിന് വലിയൊരു വരുമാനം കൂടിയാവുകയാണ് പാതകളിലെ എ.ഐ. ക്യാമറകള്‍.
2023 ജൂലായിലാണ് 232 കോടി രൂപ ചെലവില്‍ സംസ്ഥാനത്തെ പൊതുമരാമത്ത് പാതകളില്‍ 732 എ.ഐ. ക്യാമറകള്‍ കെല്‍ട്രോണ്‍ സ്ഥാപിച്ചത്. ക്യാമറയില്‍ കുടുങ്ങുന്ന നിയമലംഘനങ്ങള്‍ക്ക് പിഴയടയ്ക്കാനുള്ള ചലാന്‍ അയക്കുന്ന ചുമതലയും കെല്‍ട്രോണിനാണ് നല്‍കിയിരുന്നത്.
ഇതിന് മൂന്നുമാസത്തിലൊരിക്കല്‍ 11.6 കോടി രൂപവീതം നല്‍കാമെന്നായിരുന്നു വ്യവസ്ഥ. ഈ തുകയില്‍ കുടിശ്ശികയായിരുന്ന നാലു ഗഡുക്കള്‍ അനുവദിച്ചതോടെയാണ് വീണ്ടും ചലാന്‍ അയച്ചു തുടങ്ങിയത്. സെപ്റ്റംബറില്‍ നല്‍കേണ്ടിയിരുന്ന തുക മാത്രമാണ് ഇനി അനുവദിക്കാനുള്ളത്.
2023 ജൂലായ്മുതല്‍ ഇതുവരെ 80 ലക്ഷം നിയമലംഘനങ്ങളാണ് സംസ്ഥാനത്തെ എ.ഐ. ക്യാമറകളില്‍ പതിഞ്ഞത്.
ആദ്യ മൂന്നുമാസങ്ങളില്‍ കുറച്ചുപേര്‍ക്ക് ചലാന്‍ അയച്ചിരുന്നു. 80 ലക്ഷം പേരില്‍ വലിയൊരുവിഭാഗം ക്യാമറ പ്രവര്‍ത്തിക്കുന്നില്ലെന്ന പ്രചാരണം വിശ്വസിച്ചുണ്ടായ നിസ്സംഗതമൂലം ആവര്‍ത്തിച്ചുള്ള ഗതാഗത നിയമലംഘനം നടത്തിയവരാണ്. എം. പരിവാഹന്‍ സൈറ്റില്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ കൊടുത്ത് പിഴ അടക്കാനുണ്ടോ എന്ന് മുന്‍കൂട്ടി അറിയാം.
ALSO WATCH


