ആലപ്പുഴ: ചേർത്തലയിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ കൊന്നത് അമ്മ ആശയുടെ കാമുകൻ രതീഷാണെന്ന് പൊലീസ് കണ്ടെത്തി. രതീഷാണ് ഭർത്താവ് എന്ന വ്യാജേന ആശുപത്രിയിൽ കൂട്ടിരിപ്പുകാരനായി നിന്നത്.
|
പ്രസവശേഷം അമ്മയും കുഞ്ഞും ഓഗസ്റ്റ് 31നു ആശുപത്രി വിട്ടു. പിന്നാലെ കുഞ്ഞിനെ ബിഗ്ഷോപ്പറിലാക്കി ആശ കാമുകൻ രതീഷിന് കെെമാറി. രാത്രി ഏറെ വെെകിയാണ് ഇരുവരും പിരിഞ്ഞത്. അന്ന് തന്നെ രതീഷ് കുഞ്ഞിനെ വീട്ടിലെത്തിച്ച് ശ്വാസം മുട്ടിച്ച് കൊന്നു. എന്നാല് കുഞ്ഞിനെ അനാഥാലയത്തിനു കൈമാറും എന്നാണ് രതീഷ് പറഞത് എന്നാണ് ആശയുടെ മൊഴി.
കുഞ്ഞിന്റെ മൃതദേഹം രതീഷിന്റെ വീട്ടിൽനിന്ന് കണ്ടെത്തി. ടോയ്‌ലെറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കൊലപ്പെടുത്തിയ ശേഷം കുഴിച്ചിടുകയായിരുന്നു. പിടിക്കപ്പെടുമെന്ന് മനസിലായതോടെ മൃതദേഹം പുറത്തെടുത്ത് ടോയ്‌ലെറ്റിൽ ഒളിപ്പിച്ചു.
തുടർന്ന് മറ്റൊരിടത്തേക്ക് മാറ്റാനോ കത്തിച്ചു കളയാനോ ആയിരുന്നു പദ്ധതി സംഭവത്തിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
പ്രസവ ശേഷം യുവതി വീട്ടിലെത്തിയെങ്കിലും കുഞ്ഞ് ഇവർക്കൊപ്പമുണ്ടായിരുന്നില്ല. കുഞ്ഞിനെ കാണാതായതോടെ ആശാവർക്കർമാരാണ് ജനപ്രതിനിധികളെയും പോലീസിനെയും അറിയിച്ചത്. ആശാവർക്കർ ചോദിച്ചപ്പോൾ തൃപ്പൂണിത്തുറയിലെ മക്കളില്ലാത്ത ദമ്പതികൾക്ക് നൽകിയെന്നായിരുന്നു യുവതി പറഞത്. ഈ കുഞ്ഞിനെ കൂടാതെ യുവതിക്കു മറ്റു രണ്ടു മക്കളുണ്ട്. ഒരു കുട്ടിയെ കൂടി വളർത്താനുള്ള സാമ്പത്തിക ശേഷിയില്ലെന്ന് യുവതി പറഞ്ഞിരുന്നതായി ആശാവർക്കർ വ്യക്തമാക്കി.
കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് വണ്ടാനം മെഡിക്കല്‍ കോളജില്‍ നടക്കും. മൊ ഴികള്‍ ശരിയാണോ എന്ന് സ്ഥിരീകരിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതികളെയും കൊണ്ട് ഉടൻ തെളിവെടുപ്പ് നടത്തും. അതിന് ശേഷമായിരിക്കും പ്രതികളെ കോടതിയില്‍ ഹാജരാക്കുക.





