24
Jul 2024
Tue
24 Jul 2024 Tue
Chooralmala Landslide

Chooralmala Landslide| മരണം 36 ആയി, കേന്ദ്രസഹായം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്‍പ്പറ്റ: വയനാട്ടിലെ ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം കൂടുന്നു. ഇതുവരെ 43 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കുട്ടികളടക്കം 43 പേരുടെ മരണം സ്ഥിരീകരിച്ചു. എന്നാല്‍ ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നിരവധി പേരെ കാണാതായിട്ടുണ്ട്. നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി നിരവധി പേരുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തി. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ട് ചാലിയാറിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങളാണ് ഇതെന്നാണ് സംശയം.

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. പിന്നീട് പുലര്‍ച്ചെ 4.10 ഓടെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായതായും റിപ്പോര്‍ട്ട്. നിരവധിയാളുകള്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

മന്ത്രി എകെ ശശീന്ദ്രന്‍ ചൂരല്‍മലയില്‍
മന്ത്രി എ.കെ ശശീന്ദ്രന്‍ ചൂരല്‍മലയില്‍ എത്തി, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ജില്ലാ പോലീസ് മേധാവി ടി നാരായണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ക്കൊപ്പം സ്ഥിതിഗതികള്‍ വിലയിരുത്തുന്നു.

അതീവ ദുഃഖമെന്ന് അമിത് ഷാ
അതീവ ദുഃഖം രേഖപ്പെടുത്തി ആഭ്യന്തരമന്ത്രി അമിത് ഷാ. യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന് എന്‍ഡിആര്‍എഫ് രണ്ടാം സംഘം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും അമിത് ഷാ അറിയിച്ചു.

വിലങ്ങാട് ഉരുള്‍പൊട്ടലില്‍ 11 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു
കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലില്‍ 11 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടു. മ!ഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളിലാണ് മൂന്നു തവണ ഉരുള്‍ പൊട്ടിയത്. നാല്‍പതോളം വീട്ടുകാര്‍ ഒറ്റപ്പെട്ടു. രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യമാണ്.

പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും വയനാട്ടിലേക്ക്..
പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും വയനാട്ടിലേക്കെത്തുന്നു.

രക്ഷാ ദൗത്യത്തിന് സൈന്യം
ഉരുള്‍ പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യമെത്തും. എയര്‍ഫോഴ്‌സിന്റെ എ.എല്‍.എച്ച്, എം.ഐ17 ഹോലികോപ്റ്ററുകള്‍ പുറപ്പെട്ടിട്ടിട്ടുണ്ട്. രണ്ട് സാരംഗ് ഹെലികോപ്റ്ററുകളാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുക. ടെറിട്ടോറിയല്‍ ആര്‍മി കോഴിക്കോട് 122 ബെറ്റാലിയനില്‍ നിന്നും ഒരു കമ്പനിയും ഉടന്‍ വയനാട്ടിലേക്ക് യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ഇതുവരെ വിന്യസിച്ചിരിക്കുന്ന സൈന്യത്തിന്റെ ആകെ അംഗബലം മെഡിക്കല്‍ ഉദ്യോഗസ്ഥരടക്കം ഏകദേശം 225 ആണ്.

മുഖ്യമന്ത്രിയുമായി സംസാരിച്ച് പ്രധാനമന്ത്രി

വയനാട് ദുരന്തം: മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി സംസാരിച്ചു. എല്ലാ സഹായങ്ങളും ഉറപ്പുനല്‍കി

അഞ്ച് മന്ത്രിമാര്‍ വയനാട്ടിലെത്തുന്നു
വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ സംഭവസ്ഥലത്തെത്തി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും അല്പസമയത്തിനകം സ്ഥലത്തെത്തും. റെവന്യു, പൊതുമരാമത്ത്, പട്ടിക ജാതി പട്ടികവര്‍ഗം വകുപ്പ് മന്ത്രിമാര്‍ തിരുവനന്തപുരത്ത് നിന്ന് വ്യോമമാര്‍ഗം വയനാട്ടിലെത്തും.


കേന്ദ്ര സഹായം
മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് 50000 രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചത്.അതിനിടെ വയനാട്ടിലെ ഉരുള്‍പൊട്ടിലിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ കേന്ദ്രസഹായം ഉറപ്പ് നല്‍കി.