റിയാദ്: സൗദി ക്ലബ്ബ് അല്‍ നസറിനൊപ്പമുള്ള പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അരങ്ങേറ്റ മല്‍സരം പിഎസ്ജിയ്‌ക്കെതിരേ. ഈ മാസം 19നാണ് പിഎസ്ജിയും അല്‍ ശബാബും ഏറ്റുമുട്ടുന്നത്. അല്‍ നസര്‍-അല്‍ ഹിലാല്‍ ക്ലബ്ബുകളിലെ മുന്‍ നിര താരങ്ങളെ ഒരുമിപ്പിച്ച ടീമാണ് അല്‍ ശബാബ്. റൊണാള്‍ഡോ 19ന് അരങ്ങേറ്റം നടത്തുമെന്ന് അല്‍ നസര്‍ പരിശീലകന്‍ റൂഡി ഗാര്‍ഷ്യ അറിയിച്ചു. ഇംഗ്ലിഷ് എഫ് എയുടെ രണ്ട് മല്‍സരങ്ങളിലെ വിലക്കുള്ളതിനാല്‍ റൊണാള്‍ഡോ അല്‍ നസറിന്റെ ആദ്യ മല്‍സരത്തില്‍ കളിച്ചിരുന്നില്ല. എന്നാല്‍ പിഎസ്ജിയ്‌ക്കെതിരേയുള്ള മല്‍സരം സൗഹൃദ മല്‍സരമായതിനാല്‍ റൊണാള്‍ഡോയ്ക്ക് കളിക്കാം.
|
അതിനിടെ സൂപ്പര്‍ താരം മെസ്സി അല്‍ശബാബിനെതിരേ കളിക്കുമെന്ന കാര്യം സംശയത്തിലാണ്. മെസ്സി-റൊണാള്‍ഡോ പോരാട്ടം എന്ന നിലയിലാണ് മല്‍സരം. എന്നാല്‍ മെസ്സിയ്ക്കും, എംബാപ്പെയ്ക്കും പിഎസ്ജി വിശ്രമം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
അതിനിടെ വിവാഹം കഴിക്കാതെ ജോര്‍ജ്ജീനയ്‌ക്കൊപ്പം കഴിയുന്ന റൊണാള്‍ഡോയ്ക്ക് സൗദി ഇളവ് നല്‍കിയെന്നും റിപ്പോര്‍ട്ട് ഉണ്ട്. സൗദിയില്‍ നിയമപരമായി വിവാഹം കഴിക്കാത്തവര്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ കഴിയില്ലെന്ന് നിയമം ഉണ്ട്. ഈ നിയമത്തിലാണ് സൗദി ഇളവ് നല്‍കിയിരിക്കുന്നത്.
അല്‍ നസര്‍ ക്ലബ്ബിലെ പ്രധാന താരമായ വിന്‍സന്റ് അബൂബക്കറിന്റെ കരാര്‍ റദ്ദ് ചെയ്തു. ഒരു ടീമില്‍ എട്ട് വിദേശ താരങ്ങള്‍ മാത്രമേ പാടൂ എന്നതിനെ തുടര്‍ന്നാണ് അല്‍ നസര്‍ കാമറൂണ്‍ താരത്തിന്റെ കരാര്‍ റദ്ദാക്കിയത്. ലോകകപ്പില്‍ തിളങ്ങിയ അബൂബക്കര്‍ മികച്ച ഫോമിലായിരുന്നു. എന്നാല്‍ റൊണാള്‍ഡോയുടെ വരവോടെ താരത്തിന്റെ ടീമിലെ സ്ഥാനം ഒഴിവാകുകയായിരുന്നു.



