ശ്രീനഗര്‍: ജമ്മുകശ്മീരിലെ കിഷ്ത്വാറിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു.(Clash in Kashmir; Two soldiers were killed) നായിബ് സുബേദാര്‍ വിപന്‍ കുമാര്‍, സിപോയി അരവിന്ദ് സിങ്ങ് എന്നീ സൈനികരാണ് മരിച്ചത്. കത്വയിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ രണ്ട് അക്രമികളെ സൈന്യം കൊലപ്പെടുത്തി.
|
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീര്‍ പൊലീസുമായി ചേര്‍ന്ന് ഛത്രൂവിലെ കിഷ്ത്വാറില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് സൈനികര്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. വനത്തില്‍ സൈനികര്‍ നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ALSO READ: 16കാരനുമായി സ്‌കൂളില്‍ ലൈംഗികബന്ധം: അധ്യാപിക കോടതിയില്‍ കുറ്റം സമ്മതിച്ചു
ഇന്ന് ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടവര്‍ തന്നെയാണ് ജൂലൈയില്‍ ദോഡയില്‍ നാല് സൈനികരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തിന് പിന്നിലുമെന്നാണു നിഗമനം.
ജമ്മുകശ്മീരിലെ ദോഡ, കിഷ്ത്വാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പുതിയ സംഭവം. സപ്തംബര്‍ 18മുതലായിരിക്കും വോട്ടെടുപ്പ്.
ജമ്മുകശ്മീരില്‍ ഇടക്കാലത്ത് ശമനമുണ്ടായിരുന്ന നുഴഞ്ഞു കയറ്റവും ആക്രമണവും അടുത്ത കാലത്തായി വീണ്ടും സജീവമായിട്ടുണ്ട്. പാകിസ്താനില്‍ നിന്നുള്ള നുഴഞ്ഞു കയറ്റവും ആക്രമണവും തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന ആരോപണത്തെ തുടര്‍ന്ന് ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥരെ ഈയിടെ മാറ്റിയിരുന്നു.





