പത്തനംതിട്ട റാന്നിയിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. റാന്നി ഉതിമൂട് ഡിപ്പോപടി തോപ്പിൽ മുരുപ്പേൽ പരേതനായ ജോൺസന്റെ മകൾ ആഷ്മി ജോൺസൺ ആണ് മരിച്ചത്. കുടുംബം താമസിക്കുന്ന വാടക വീട്ടിലെ ജനലിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്. കുമ്പളാംപൊയ്ക സ്കൂളിലെ വിദ്യാർഥിനിയാണ്. ഇന്ന് രാവിലെയാണ് സംഭവം.
|
മാതാവ് ഷൈലജയും സഹോദരനും മുത്തച്ഛനും മുത്തശ്ശിക്കുമടങ്ങുന്നതാണ് കുട്ടിയുടെ കുടുംബം. കുട്ടിയുടെ പിതാവ് ജോൺസൺ ഒരു വർഷം മുൻപ് തടി ദേഹത്ത് വീണാണ് മരിച്ചത്. പാചക വാതക സിലിണ്ടറിന്റെ ബുക്ക് മകളെ ഏൽപ്പിച്ച് അമ്മ ഷൈലജ പുറത്തു പോയതിനു ശേഷമാണ് സംഭവം. അതിനിടെ അവർ വീട്ടിലേക്ക് ഫോൺ ചെയ്തു. ഗ്യാസ് സിലിണ്ടറുമായി ഏജൻസിയിൽ നിന്നു ആളു വരുമെന്നു പറയാനാണ് വിളിച്ചത്.
കുട്ടിയുടെ സഹോദരനാണ് ഫോൺ എടുത്തത്. ഫോൺ കുട്ടിക്കു കൊടുക്കാൻ പോയപ്പോൾ മുറി അടച്ച നിലയിലാണ് കണ്ടത്. ജനലിലൂടെ നോക്കിയപ്പോൾ ആഷ്മി ജനലിൽ തൂങ്ങി കിടക്കുന്നത് കാണുകയായിരുന്നു. പിന്നാലെ ഷൈലജ സ്വന്തം സഹോദരനേയും കൂട്ടി വീട്ടിലെത്തി ആഷ്മിയെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ.





