‘ഗോള്‍വാള്‍ക്കറുടെ മുന്നില്‍ വണങ്ങി നില്‍ക്കുന്നവര്‍ക്കേ RSSമായി അന്തര്‍ധാരയുണ്ടാക്കാന്‍ കഴിയൂ’; സതീശന് പിണറായിയുടെ മാസ്സ് മറുപടി
|
കണ്ണൂര്‍: വോട്ട് ചെയ്ത ശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മാസ്സ് മറുപടി കൊടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ താണ് വണങ്ങി നില്‍ക്കുന്ന ഒരാള്‍ക്കേ ആര്‍എസ്എസുമായി അന്തര്‍ധാര ഉണ്ടാക്കാന്‍ കഴിയൂവെന്ന് പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫിന് ആരുടേയും മുന്നില്‍ താഴേണ്ടതോ വണങ്ങേണ്ടതോ ആയ പ്രശ്‌നം വരുന്നില്ല ഇത്തരം കാര്യങ്ങളില്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു. സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സതീശന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തിയത് പരാമര്‍ശിച്ചായിരുന്നു പിണറായിയുടെ പരിഹാസം.
എല്ലാ കാലത്തും നാട്ടിലെ വര്‍ഗീയ ശക്തികള്‍ക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് സിപിഐ എം എന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന് ആര്‍എസ്എസിന്റെ കൊലക്കത്തിക്ക് ഇരയായി രക്ഷസാക്ഷിത്വം വരിക്കേണ്ടിവന്ന സഖാക്കളുടെ വലിയ നിരതന്നെ ഇവിടെ കാണാന്‍ കഴിയും. ആ പാര്‍ട്ടിയെ ഇങ്ങനെ അന്തര്‍ധാര എന്നൊന്നും പറഞ്ഞാല്‍ ചെലവാകില്ല. അത് അവരുടെ രീതിയാണ്. അസം മുഖ്യമന്ത്രി തന്നെ അത് പരസ്യമായി പറഞ്ഞല്ലോ. അദ്ദേഹം പഴയ കോണ്‍ഗ്രസുകാരനാണ്.ബിജെപിക്കെതിരായ മുന്നേറ്റമാണ് രാജ്യത്ത് നടക്കുന്നത്. കേരളത്തില്‍ ബിജെപിക്ക് നേരത്തേ തന്നെ സ്വീകാര്യതയില്ല. വലിയ പ്രചാരണം നടത്തുന്നുണ്ടെങ്കിലും കേരളത്തില്‍ ഒരു മണ്ഡലത്തില്‍ പോലും രണ്ടാംസ്ഥാനത്തുണ്ടാകില്ല. സീറ്റ് നേടാന്‍ കഴിയില്ലെന്ന് മാത്രമല്ല രണ്ടാംസ്ഥാനം പോലും ലഭിക്കില്ലെന്നതാണ് കേരളത്തിന്റെ പ്രതികരണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അനുഭവമെടുത്താല്‍ കേരളത്തിനെതിരെ നിലപാടെടുത്ത രണ്ടു കൂട്ടരാണുള്ളത്. അതിലൊന്ന് ബിജെപി സര്‍ക്കാരാണ്. കേരളവിരുദ്ധ സമീപനം എടുത്ത മറ്റേ കൂട്ടര്‍ യുഡിഎഫാണെന്നും അദ്ദേഹം പറഞ്ഞു.
പിണറായി അമല യൂപി സ്‌കൂളിലെ 161ാം നമ്പര്‍ ബൂത്തിലാണ് പിണറായിക്കും കുടുബംത്തിനും വോട്ട്. ബൂത്തില്‍ നീണ്ട ക്യൂവിലേക്കായിരുന്നു മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയത്. മുന്നില്‍ ഇരുപതോളം പേര്‍ നില്‍ക്കുമ്പോള്‍ ക്യൂവില്‍ നിന്നായിരുന്നു മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ കമല, മകള്‍ വീണ വിജയന്‍ എന്നിവരോടൊപ്പം പ്രാദേശിക നേതാക്കളും പിണറായിക്കൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായാണ് മുഖ്യമന്ത്രി പോളിങ് ബൂത്തിലേക്ക് എത്തിയത്. ജനങ്ങളെ അഭിവാദ്യം ചെയ്തും കുശലം പറഞ്ഞുമാണ് ബൂത്തിലേക്ക് പിണറായി നടന്നത്.


