കോഴിക്കോട്: രാജ്യത്തെ രണ്ട് പ്രബല മതന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ രാജ്യത്തെ വർഗീയ ശക്തികൾ സമർഥമായി പദ്ധതികൾ ആസൂത്രണം ചെയത് നടപ്പാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
|
ഇക്കാര്യം മതന്യൂനപക്ഷങ്ങളും പൊതു സമൂഹവും തിരിച്ചറിയണം. ഓരോ ദിവസം കഴിയുംതോറും രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളിൽ ഭയപ്പാട് കൂടിവരികയാണ്. കേന്ദ്രം ഭരിക്കുന്ന ഭരണാധികാരികളുടെ ഭാഗത്തു നിന്നുള്ള ഇടപെടലുകൾ തന്നെയാണ് ഇതിനു കാരണം. എന്നാൽ നാം തിരിച്ചറിയേണ്ടത്, രാജ്യത്തെ ഭൂരിപക്ഷവും ഇപ്പോഴും മതനിരപേക്ഷമായി ചിന്തിക്കുന്നവരാണെന്നതാണ്. അതുകൊണ്ട് തന്നെ മതനിരപേക്ഷത സംരക്ഷിക്കുവാൻ മതരാഷ്ട്ര വാദികളെ നാം അകറ്റി നിറുത്തേണ്ടതുണ്ട്.
കേരള മുസ്‌ലിം ഐക്യസംഘമടക്കമുള്ള വിവിധ ധാരകളിലുള്ള സാമൂഹ്യ പ്രസ്ഥാനങ്ങളുടെ സംഭാവനയാണ് കേരള നവോത്ഥാനം. സാമൂഹിക നവീകരണത്തിന്റെ പാതയിലൂടെ സധൈര്യം മുന്നേറിയ പ്രസ്ഥാനമാണ് കേരള നദ് വത്തുൽ മുജാഹിദീൻ. സാമൂഹ്യ നവോത്ഥാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവർത്തിച്ചവരെ ബോധപൂർവം വെട്ടിമാറ്റുന്ന സമയത്ത് അവരെ ഓർക്കുകയെന്നത് കൂടി ഏറെ സാമൂഹ്യ പ്രസക്തിയുള്ള പ്രവർത്തനമായി മാറുകയാണ്.
മതവും വിശ്വാസവും വർഗീയതയെ അംഗീകരിക്കുന്നില്ലെങ്കിലും വർഗീയതയുമായി വിശ്വാസികൾ താദാത്മ്യം പ്രാപിക്കുന്ന കാഴ്ച ചിലപ്പോഴെങ്കിലും കാണുന്നുണ്ട്. ഇത് നാം തിരിച്ചറിയണം. രാജ്യ താല്പര്യങ്ങൾക്കെതിരായുള്ളവരാണ് വർഗീയ വാദികൾ എന്നത് നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
പരിഷ്കരണ പ്രസ്ഥാനങ്ങൾ സാമൂഹിക സ്വത്വത്തിലേക്ക് ചുരുങ്ങുമ്പോൾ അവിടെ യാഥാസ്ഥിതികത കടന്നുവരുമെന്നും നവോത്ഥാനാശയങ്ങൾ സ്ഥിരമായി ഉയർത്തുന്നതിലൂടെ മാത്രമെ ഇത് മറികടക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എഡോ. ഹുസൈൻ മടവൂർ, അഡ്വ. മായൻ കുട്ടി മേത്തർ, ഹനീഫ് കായക്കൊടി , അഹമ്മദ് അനസ് മൗലവി, പി.കെ. അഹമ്മദ്, പി.വി.അബ്ദുൾ വഹാബ് എം.പി, ഡോ. ഫസൽ ഗഫൂർ, ഡോ. അൻവർ അമീൻ, അശ്റഫ് ശാഹി ഒമാൻ, യു. അബ്ദുല്ല ഫാറൂഖി എന്നിവർ സംസാരിച്ചു.
ഡോ. എ.ഐ അബ്ദുൽ മജീദ് സ്വലാഹി സ്വാഗതവും നൂർ മുഹമ്മദ് നൂർഷ നന്ദിയും പറഞ്ഞു.



