വിദേശത്ത് മെഡിസിന്‍ പഠിച്ചെത്തുന്ന വിദ്യാര്‍ഥികളില്‍ 90 ശതമാനത്തെയും ദേശീയ മെഡിക്കല്‍ കമ്മീഷന്‍ സ്‌ക്രീനിങ് പരീക്ഷയില്‍ മനപ്പൂര്‍വം തോല്‍പ്പിക്കുകയാണെന്ന് വ്യാപക പരാതി. രാജ്യത്ത് ഗുണമേന്മയുള്ള മെഡിക്കല്‍ വിദ്യാഭ്യാസം നടപ്പാക്കുന്നതിനും ഉന്നത നിലവാരമുള്ള ഡോക്ടര്‍മാരെ രാജ്യത്തുടനീളം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായ നടപടിയെന്ന പേരിലാണ് വിദേശത്ത് മെഡിസിന്‍ പഠിച്ചെത്തുന്നവരെ സ്‌ക്രീനിങ് പരിശോധനയില്‍ തോല്‍പ്പിക്കുന്നത്.
|
അതേസമയം ഇന്ത്യയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ ബിരുദം നേരിടുന്നതിന് വേണ്ട മാര്‍ക്ക് 50 ശതമാനത്തില്‍ നിന്ന് 40 ശതമാനം ആക്കി താഴ്ത്തുകയും ചെയ്തിരിക്കുകയാണ്. പിജി പ്രവേശനത്തിന് 50% പെര്‍സെന്റയ്ല്‍ എന്നത് പൂജ്യം ആക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. കൈയില്‍ പണമുള്ളവര്‍ക്ക് യോഗ്യതയില്ലെങ്കിലും പിജിക്കു ചേരാമെന്ന സ്ഥിതി വിശേഷമാണ് ഇതോടെ വന്നുചേര്‍ന്നത്. രാജ്യത്തെ ഡോക്ടര്‍മാരുടെ മിനിമം നിലവാരം ഉറപ്പുവരുത്തുന്നതിനായി കൊണ്ടുവന്ന നെക്സ്റ്റ് പരീക്ഷ കാരണം പോലും പറയാതെ മാറ്റിവച്ചിരിക്കുന്നു.
നിലവാരം ഉറപ്പുവരുത്തിയാല്‍ പ്രൈവറ്റ് മെഡിക്കല്‍ കോളജില്‍ പണം കൊടുത്തു പഠിക്കാന്‍ കുട്ടികളെ കിട്ടാതെ വരുമെന്നുമെന്നതിനാലാണ് അധികൃതരുടെ ഈ ഇരട്ടത്താപ്പ്. വിദേശത്ത് പഠിക്കുന്ന കുട്ടികളെ കഠിനമായ പരീക്ഷ നടത്തി മനപൂര്‍വം തോല്‍പ്പിക്കുന്നു. പരീക്ഷയും അനുബന്ധ പ്രവര്‍ത്തനങ്ങളും അതീവ രഹസ്യമായി സൂക്ഷിക്കുന്നു. നിര്‍ബന്ധമായും പരീക്ഷാര്‍ഥിയെ അറിയിക്കേണ്ട ആന്‍സര്‍ കീ പോലും പുറത്തുവിടുന്നില്ല.
കഷ്ടപ്പെട്ട് ജയിച്ചവര്‍ക്കും ഇന്റേണ്‍ഷിപ്പ് പോലും നല്‍കുന്നില്ല. വിലപ്പെട്ട സമയമാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. ചോദിച്ചാലും മറുപടി പറയില്ല. അല്ലെങ്കില്‍ ആര്‍ക്കും മനസ്സിലാകാത്ത ചില കാരണങ്ങള്‍ പറയും, എഴുതി നല്‍കില്ല. ഒരേ നിയമം വിവിധ സംസ്ഥാനങ്ങളില്‍ വിവിധതരത്തില്‍ നടപ്പാക്കുകയാണ്. ഇത്തരം നീക്കങ്ങള്‍ക്ക് ഐഎംഎ എന്ന ശക്തമായ സംഘടനയാണ് നതൃത്വം നല്‍കുന്നത്. വിദേശത്ത് പഠിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഗുണ നിലവാരത്തെ പറ്റി വിലപിക്കുന്ന അവര്‍ ഇന്ത്യയില്‍ പഠിക്കുന്ന കുട്ടികളുടെ വിജയരേഖ താഴ്ത്തുന്ന നടപടിയെ സ്വാഗതം ചെയ്യുകയാണെന്ന് സ്‌ക്രീനിങ് പരീക്ഷയില്‍ തോല്‍പ്പിക്കപ്പെടുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തി.





