റിസര്‍വേഷന്‍ കോച്ചില്‍ മാറിക്കയറി; കോഴിക്കോട്ട് നീങ്ങിത്തുടങ്ങിയ ട്രെയിനില്‍നിന്ന് അമ്മയെയും മകളെയും പുറത്തേക്ക് തള്ളിയിട്ട് TTE
|
കോഴിക്കോട്: റിസര്‍വേഷന്‍ കോച്ചില്‍ മാറിക്കയറിയ അമ്മയെയും മകളെയും നീങ്ങിത്തുടങ്ങിയ ട്രെയിനില്‍നിന്ന് ടിടിഇ പുറത്തേക്ക് തള്ളിയിട്ടെന്ന്പരാതി. വീഴ്ചയില്‍ അമ്മയുടെ കൈക്കു പരുക്കേറ്റു. കണ്ണൂര്‍ പാപ്പിനിശേരി വെണ്ടക്കന്‍ വീട്ടില്‍ ഫൈസലിന്റെ ഭാര്യ ശരീഫ, 17 വയസ്സുള്ള മകള്‍ എന്നിവരെയാണ് നേത്രാവതി എക്‌സ്പ്രസ് എസ്2 കോച്ചില്‍ നിന്നു ടിടിഇ തള്ളിയിട്ടത്.
ഇന്നലെ വൈകിട്ട് 6.25ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ നാലാം പ്ലാറ്റ്‌ഫോമിലാണ് സംഭവം. കണ്ണൂരിലേക്കു പോകാനെത്തിയ കുടുംബത്തിനു ജനറല്‍ ടിക്കറ്റാണ് ലഭിച്ചത്. ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ തിരക്കായതിനാല്‍ ഭാര്യയെയും മകളെയും റിസര്‍വേഷന്‍ കോച്ചില്‍ കയറ്റി, മകനോടൊപ്പം ഫൈസല്‍ ജനറല്‍ കോച്ചില്‍ കയറി. ട്രെയിന്‍ പുറപ്പെടുന്നതിനിടയില്‍ ബഹളം കേള്‍ക്കുകയും പുറത്തേക്കു നോക്കിയപ്പോള്‍ മകളെയും മറ്റു രണ്ടു കുട്ടികളെയും ടിടിഇ പ്ലാറ്റ്‌ഫോമിലേക്കു തള്ളിയിറക്കുന്നതായി കണ്ടെന്ന് ഫൈസല്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഉടനെ മകനോടൊപ്പം ഫൈസല്‍ ട്രെയിനില്‍നിന്ന് ഇറങ്ങി മകളെ പിടിച്ചു. ഇതിനിടയില്‍ ഭാര്യയെയും പുറത്തേക്കു തള്ളിയിട്ടു. ഈ വീഴ്ചയിലാണ് കൈക്ക് പരുക്കേറ്റത്.
ആര്‍പിഎഫ് എത്തി പ്രാഥമിക അന്വേഷണത്തിനുശേഷം റെയില്‍വേ പൊലീസില്‍ എത്തിച്ചു. തുടര്‍ന്ന് ടിടിഇയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഫൈസല്‍ പരാതി നല്‍കുകയായിരുന്നു. ഇന്നുതന്നെ ടിടിഇയോട് സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും റെയില്‍വേ പൊലീസ് അറിയിച്ചു.





