30
May 2023
Sun
30 May 2023 Sun

തൂക്കുസഭയ്ക്കും എംഎല്‍എമാരുടെ മറുകണ്ടം ചാടലിനും പേരുകേട്ട കർണാടകയില്‍ 1994ന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം നേടിയ പാര്‍ട്ടിയെന്ന നേട്ടം കോൺഗ്രസിന് മാത്രം സ്വന്തം. അതും മൂന്ന് തവണ. 2023, 2013, 1999 വർഷങ്ങളിലാണിത്. 1994ൽ ജെഡിഎസ് സംസ്ഥാനത്ത് വ്യക്തമായ ഭൂരിപക്ഷം നേടിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെയ് പത്തിന് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം പൂർണമായി പുറത്തുവന്നപ്പോൾ 135 സീറ്റുകളാണ് കോൺഗ്രസിന് ലഭിച്ചത്. 224 അംഗ സഭയിൽ 113 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്.

1985 മുതൽ സംസ്ഥാനത്ത് ഒരു രാഷ്ട്രീയ പാർട്ടിയും തുടർച്ചയായി അധികാരത്തിൽ എത്തിയിട്ടില്ലെന്ന പ്രവണത ഇത്തവണയും തുടർന്നു.

കർണാടകയിൽ അവസാനമായി ഒരു പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചത് 2013ൽ കോൺഗ്രസിനായിരുന്നു. അന്ന് 122 സീറ്റുകൾ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി.

2018ൽ തന്റെ കാലാവധി പൂർത്തിയാക്കിയപ്പോൾ, 40 വർഷത്തിനിടെ അഞ്ച് വർഷം തികയ്ക്കുന്ന ആദ്യത്തെ കർണാടക മുഖ്യമന്ത്രിയായി അദ്ദേഹം മാറി. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഈ നേട്ടത്തിലെത്തിയ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. അതിന് മുമ്പ്, ഡി ദേവരാജ് ഉർസ് ആണ് കാലാവധി പൂർത്തിയാക്കിയ മുഖ്യമന്ത്രി. 1972ലും 1977ലും ആണിത്.

1999ലെ തെരഞ്ഞെടുപ്പിൽ 133 സീറ്റുകൾ നേടിയാണ് കോൺഗ്രസ് വിജയിച്ചത്. എന്നിട്ടും സർക്കാർ കാലാവധി പൂർത്തിയാക്കിയില്ല.
അതിന് മുമ്പ് 1989ൽ കോൺഗ്രസ് 178 സീറ്റുകൾ നേടി വിജയിച്ചിരുന്നു. ഇതാണ് കന്നഡനാട്ടിൽ ഏറ്റവുമധികം സീറ്റ് നേടിയതിന്‍റെ ഇതുവരെയുള്ള റെക്കോർഡ്. എന്നാല്‍ 1994ൽ ജെഡിഎസിനായിരുന്നു ഭൂരിപക്ഷം.

സംസ്ഥാനത്ത് പലതവണ സർക്കാർ രൂപീകരിച്ചെങ്കിലും വ്യക്തമായ ഭൂരിപക്ഷം നേടാൻ ഇതുവരെ ബിജെപിക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയം.