02
Sep 2023
Tue
02 Sep 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപി എന്തുംചെയ്യുമെന്നുള്ള ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ പ്രസ്താവന ആവര്‍ത്തിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ ബി.ആര്‍ പാട്ടീലും. ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ ബി.ജെ.പി രാമക്ഷേത്രം ബോംബിട്ട് മുസ്‌ലിം സമുദായത്തെ കുറ്റപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ പറഞ്ഞത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിക്ക് വിജയിക്കാന്‍ വേണ്ടി അവര്‍ തന്നെ (ബി.ജെ.പി) രാമക്ഷേത്രം ബോംബിട്ട് മുസ്‌ലിംകളെ കുറ്റപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നാണ് വീഡിയോയില്‍ പറയുന്നത്.

അതേസമയം, ബി.ആര്‍ പാട്ടീല്‍ എപ്പോഴാണ് ഈ പരാമര്‍ശം നടത്തിയതെന്ന് വ്യക്തമല്ല. കര്‍ണാടക ബി.ജെ.പി ട്വിറ്ററിലാണ് കോണ്‍ഗ്രസ് എം.എല്‍.എയുടെ പ്രസംഗം പങ്കുവച്ചത്. എം.എല്‍.എയുടെ പ്രസ്താവന ഹിന്ദു, മുസ്‌ലിം സംഘര്‍ഷത്തിന് ആക്കം കൂട്ടുന്നതാണെന്ന് ബി.ജെ.പി ആരോപിച്ചു.

‘ഹിന്ദുത്വത്തിന്റെ അടിത്തറയെ ചോദ്യം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍ രാമക്ഷേത്രത്തിനുനേരെ കണ്ണ് വെച്ചുകഴിഞ്ഞു. രാമക്ഷേത്രം അസ്ഥിരപ്പെടുത്താനും ഹിന്ദുമുസ്!ലിം സംഘര്‍ഷങ്ങളുണ്ടാക്കി അത് സര്‍ക്കാറിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇതാണ് ബിആര്‍ പാട്ടീല്‍ അബദ്ധത്തില്‍ സൂചിപ്പിച്ചത്,’ ബിജെപി എക്‌സില്‍ കുറിച്ചു.

നേരത്തെ, അയോധ്യയില്‍ രാമക്ഷേത്രം ഉദ്ഘാടനത്തിനുപിന്നാലെ ‘ഗോധ്ര’ പോലെയുള്ള സംഭവങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ ശിവസേന നേതാവ് ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടത്. ക്ഷേത്ര ഉദ്ഘാടനത്തിനെത്തുന്ന വന്‍ ജനക്കൂട്ടം തിരിച്ചുപോകുന്ന യാത്രയിലായിരിക്കും അത്തരം സംഭവങ്ങള്‍ ഉണ്ടാവുകയെന്നും ഉദ്ധവ് പറഞ്ഞു. 2002 ഫെബ്രുവരി 27ന് അയോധ്യയില്‍നിന്ന് കര്‍സേവകര്‍ മടങ്ങിപ്പോകുകയായിരുന്ന സബര്‍മതി എക്‌സ്പ്രസ് ട്രെയിന്‍ കോച്ചിന് തീവെച്ചതും തുടര്‍ന്ന് സംസ്ഥാനത്തുടനീളം വന്‍തോതില്‍ കലാപങ്ങളുമുണ്ടായതും ചൂണ്ടിക്കാട്ടിയാണ് ഉദ്ധവ് ഇങ്ങനെ പറഞ്ഞത്.