തിരുവനന്തപുരം: ഇന്നലെ അവതരിപ്പിച്ച കേരള ബജറ്റിലെ കടുത്ത നികുതി നിർദേശങ്ങൾക്കെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി കോൺഗ്രസ് കരിദിനം ആചരിക്കും. കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ എംപിയുടെ അധ്യക്ഷതയിൽ ചേർന്ന ഭാരവാഹിയോഗത്തിൻറെ തീരുമാനപ്രകാരമാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നത്.
|
ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ രാവിലെ പ്രതിഷേധ പരിപാടികളും വെകുന്നേരം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനങ്ങളും നടക്കും. ഇന്ന് നടക്കുന്ന വിവധ പ്രതിഷേധ പരിപാടികളിൽ പ്രതിപക്ഷനേതാവ് വിഡി സതീശൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡൻറുമാർ തുടങ്ങിയവർ പങ്കെടുക്കും. ജനത്തിൻറെ നടുവൊടിക്കുന്ന നികുതി നിർദ്ദേശങ്ങൾ പിൻവലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നതെന്ന് കെ സുധാകരൻ അറിയിച്ചു.
കേരളത്തിൻറെ ചരിത്രത്തിൽ ഇതുപോലൊരു നികുതി വർധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാൻ പോകുന്നത്. ആയിരക്കണക്കിന് കോടികൾ നികുതി കുടിശ്ശിക പിരിച്ചെടുക്കാൻ മടിക്കുന്ന സർക്കാരാണ് 4000 കോടി രൂപയുടെ നികുതിഭാരം ജനങ്ങളുടെ തലയിൽക്കെട്ടിവെച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കേരളത്തിലെ സാധാരണക്കാരുടെ മേൽ അധിക നികുതി അടിച്ചേൽപ്പിച്ച് പെരുവഴിയിലേക്ക് തള്ളിവിടുന്ന നടപടിയാണ് സ്വീകരിച്ചത്. ഇത് ഒരു കാരണവശാലും കേരള ജനത അംഗീകരിക്കില്ലെന്ന് കെപിസിസി.
ഓരോ കുഞ്ഞും പിറന്നുവീഴുന്നത് ഒരുലക്ഷം രൂപയുടെ കടത്തിലാണ്. സർക്കാരിൻറെ ധൂർത്തും അഴിമതിയും സ്വജനപക്ഷപാതവും അഭംഗരും തുടരുന്നതിന് വേണ്ടിയാണ് സാധാരണ ജനങ്ങളെ ബലിയാടാക്കിയത്. ആഢംബര കാറുകളും വിദേശയാത്രകളും അനധികൃത നിയമനങ്ങൾ നടത്താനും മറ്റുമാണ് സാധാരണക്കാരെ പിഴിയുന്നത്. മാർക്‌സിസ്റ്റ് ഭരണത്തിൽ ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സർവ്വസാധനങ്ങൾക്കും അഭൂതപൂർവ്വമായ വിലവർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടൊപ്പമാണ് ഇരുട്ടടിപോലെയുള്ള നികുതി വർധനവ്. ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന ലോകത്തിൻറെ പല ഭാഗങ്ങളിലുമുള്ള ഏകാധിപതികളും ഭരണകൂടങ്ങളും ജനരോഷത്തിനു മുന്നിൽ മുട്ടുമടക്കിയിട്ടുണ്ടെന്ന കാര്യം മുഖ്യമന്ത്രിയും ഇടതുമുന്നണിയും വിസ്മരിക്കരുതെന്നും കെപിസിസി ഓർമ്മിപ്പിച്ചു.



