ബെംഗളൂരു: കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും നേട്ടം കൊയ്ത് കോണ്‍ഗ്രസ്. (Congress wins all three seats in Karnataka; Kumaraswamy’s son loses in vacated seat) ചന്നപട്ടണ, ഷിഗ്ഗാവ്, സന്ദൂര്‍ എന്നീ മണ്ഡലങ്ങളിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ്. രണ്ട് സീറ്റുകള്‍ പിടിച്ചെടുക്കുകയും സിറ്റിങ് സീറ്റ് നിലനിര്‍ത്തുകയും ചെയ്തു.
|
എന്‍ഡിഎ സിറ്റിങ് സീറ്റായ കര്‍ണാടകയിലെ ചന്നപട്ടണയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി പി യോഗീശ്വരയാണ് ജയിച്ചത്. കേന്ദ്രമന്ത്രിയും ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റുമായ കുമാരസ്വാമി രാജിവച്ച ഒഴിവില്‍ മകന്‍ നിഖില്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായത്.
അഞ്ചുതവണ എംഎല്‍എയും മുന്‍മന്ത്രിയും നടനുമായിരുന്ന യോഗീശ്വര ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ നേടി. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനു മുന്‍പാണ് അദ്ദേഹം ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയത്. 25,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു.
നിഖിലിനായി ബിജെപി, ജെഡിഎസ് നേതാക്കള്‍ ശക്തമായി പ്രചാരണ രംഗത്തിറങ്ങിയിരുന്നു. വൊക്കലിഗ നേതാക്കളായ കുമാരസ്വാമിയും ഡി കെ ശിവകുമാറും ഇരു സ്ഥാനാര്‍ഥികള്‍ക്കും വേണ്ടി ഗോദയിലിറങ്ങിയിരുന്നു.
കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ സന്ദൂറില്‍ ബെല്ലാരി എംപി തുക്കാറാമിന്റെ ഭാര്യ ഇ. അന്നപൂര്‍ണയാണു മത്സരിക്കുന്നത്. ഭര്‍ത്താവ് ലോക്‌സഭയിലേക്കു മത്സരിച്ചു ജയിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ബിജെപിക്കുവേണ്ടി എസ്ടി മോര്‍ച്ച പ്രസിഡന്റ് ബംഗാരു ഹനുമന്തു ആണ് മത്സരിച്ചത്. 10,000ലേറെ വോട്ടുകളാണു ഭൂരിപക്ഷം.
ഷിഗ്ഗാവില്‍ ബിജെപിയുടെ ഭാരത് ബൊമ്മ 15,000ല്‍ പരം വോട്ടുകള്‍ക്കാണ് തോറ്റത്. മുന്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മയുടെ മകനാണ് ഭാരത്. ഇവിടെ കോണ്‍ഗ്രസിനുവേണ്ടി യാസിര്‍ അഹമ്മദ് ഖാന്‍ പഠാന്‍ ആണ് മത്സരിക്കുന്നത്. പത്താന്‍ 90,000ഓളം വോട്ടുകളും ഭാരത് 85,000ഓളം വോട്ടുകളും നേടി.
2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബൊമ്മയ്ക്കെതിരെ മത്സരിച്ചു പഠാന്‍ പരാജയപ്പെട്ടിരുന്നു. ഇതോടെ കര്‍ണാടക അസംബ്ലിയില്‍ കോണ്‍ഗ്രസ് പ്രതിനിധികളുടെ എണ്ണം 137 ആയി ഉയര്‍ന്നു.





