25
Dec 2024
Sun
25 Dec 2024 Sun
CPIM leader moves back from his old statement against Mec7 Health club

മെക് 7 വ്യായാമ കൂട്ടായ്മയില്‍ പരിശീലനത്തിനെത്തുന്നത് തീവ്രവാദികളാണെന്ന ആരോപണത്തില്‍ മലക്കംമറിഞ്ഞ് സിപിഐഎം നേതാവ് പി മോഹനന്‍. പി മോഹനന്റെ ആരോപണത്തിനു പിന്നാലെ എ പി സുന്നി നേതാക്കളും മെക് 7 വ്യായാമ കൂട്ടായ്മക്കെതിരേ രംഗത്തുവന്നിരുന്നു. തീവ്രവാദ ആരോപണം സംഘപരിവാരവും ഏറ്റെടുക്കുകയും എന്‍ഐഎ അന്വേഷണവും തുടങ്ങിയെന്ന റിപോര്‍ട്ടുകള്‍ പുറത്തുവരികയും മെക് 7ല്‍ സിപിഐഎമ്മിലും കോണ്‍ഗ്രസിലും എസ്എന്‍ഡിപിയിലും പ്രവര്‍ത്തിക്കുന്നവര്‍ അടക്കമുള്ള പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം പുറത്തുവരികയും ചെയ്യുന്നതിനിടെയിലാണ് പി മോഹനന്‍ തന്റെ മുന്‍ പ്രസ്താവനയില്‍ നിന്ന് പിന്‍വാങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപൂര്‍വം ചിലയിടങ്ങളില്‍ അത്തരക്കാര്‍ നുഴഞ്ഞു കയറുന്നുവെന്നാണ് താന്‍ പറഞ്ഞതെന്നാണ് പി മോഹനന്റെ ഇന്നത്തെ പ്രതികരണം. വ്യായാമ പരിശീലന പരിപാടിയെ ഒരു സമുദായവുമായി കൂട്ടിച്ചേര്‍ത്ത് തീവ്രവാദ നിറം ചാര്‍ത്തിയത് ശരിയല്ല എന്ന് സിപിഐഎമ്മില്‍ തന്നെ അഭിപ്രായമുയര്‍ന്നതാണ് പി മോഹനന്റെ നിലപാട് തിരുത്തലിനു കാരണമായത്.

ALSO READ: മെക്7 വ്യായാമത്തിനെതിരേ വാളെടുത്ത് കാന്തപുരം സുന്നീ നേതാക്കള്‍; ആരോപണങ്ങള്‍ തള്ളി സംഘാടകര്‍

ജീവിത ശൈല്യ രോഗങ്ങള്‍ക്കെതിരെ കരുതലായി ആരംഭിച്ച വ്യായാമ കൂട്ടായ്മയാണ് മെക് 7 എന്നും അതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും പി മോഹനന്‍ പറഞ്ഞു. എന്നാല്‍, അതൊരു പൊതുവേദിയാണ്. അത്തരം വേദികളില്‍ ഉള്‍പ്പെടെ ജമാഅത്തെ ഇസ്ലാമി, സംഘപരിവാര്‍, എസ്ഡിപിഐ തുടങ്ങിയ മതരാഷ്ട്ര വാദികള്‍ നുഴഞ്ഞുകയറി അവരുടെ അജണ്ട നടപ്പാക്കാനുള്ള നീക്കം നടത്തുന്നുണ്ട്. ഇത്തരം വേദികളിലും ഇത്തരത്തിലുള്ള ശക്തികള്‍ കയറിപ്പറ്റി നമ്മുടെ നാടിന്റെ മതനിരപേക്ഷതയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ്. അതിനെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നാണ് നേരത്തെ പറഞ്ഞതെന്നും മെക് സെവനെതിരെ ആരോപണമില്ലെന്നും പി മോഹനന്‍ പറഞ്ഞു.

വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന മെക് 7 കൂട്ടായ്മയില്‍ ജാതിമതഭേദമന്യേ ആയിരക്കണക്കിനാളുകളാണ് സംസ്ഥാനത്തിനകത്തും പുറത്തുമായി വ്യായാമം ചെയ്തുവരുന്നത്. ഇതില്‍ ഭൂരിഭാഗവും പ്രായമായ ആളുകളാണ്. മെക് 7 കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുകയും ഇതില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നതിനിടെയായിരുന്നു പി മോഹനന്‍ കൂട്ടായ്മക്കെതിരേ തീവ്രവാദ ആരോപണവുമായി രംഗത്തുവന്നത്.

ALSO READ: മെക് സെവന്‍ വ്യായാമത്തിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയും പോപുലര്‍ ഫ്രണ്ടുമെന്ന് മോഹനന്‍ മാസറ്റര്‍