17
Feb 2024
Sun
17 Feb 2024 Sun

കൊല്ലത്ത് പ്രേമചന്ദ്രനെതിരെ CPIM മുകേഷിനെ ഇറക്കുമോ? നീക്കങ്ങള്‍ ഇങ്ങനെ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം അഭിമാനമായി കരുതുന്ന ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്റെ കൊല്ലം മണ്ഡലം തിരിച്ചുപിടിക്കാനായി എം.എല്‍.എ കൂടിയായ നടന്‍ മുകേഷിനെ ഇറക്കുന്നു. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് മുകേഷിനെ കളത്തിലിറക്കാന്‍ തീരുമാനം. സി.എസ് സുജാത, എം. നൗഷാദ് തുടങ്ങിയവരുടെ പേരും പരിഗണിച്ചെങ്കിലും നിലവില്‍ കൊല്ലം എം.എല്‍എയായ മുകേഷിനായിരുന്നു മുന്‍തൂക്കം. പത്തനംതിട്ടയില്‍ ചേര്‍ന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റില്‍ തോമസ് ഐസക്കിനു പൂര്‍ണ പിന്തുണ ലഭിച്ചു. ഐസക്കിന്റെ പേരു മാത്രമാണു സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നത്. നാളെ ചേരുന്ന ജില്ലാ കമ്മിറ്റിക്കുശേഷം നിര്‍ദേശം സംസ്ഥാന കമ്മിറ്റിക്കു കൈമാറുമെന്നു നേതാക്കള്‍ അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥികളെ കുറിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. സിപിഎം മത്സരിക്കുന്ന 15 മണ്ഡലങ്ങളില്‍ അതത് ജില്ലാ കമ്മറ്റികള്‍ സിപിഎം സെക്രട്ടറിയേറ്റിന് മുന്നില്‍ വെച്ച്, സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്ത പട്ടികയിലെ പേരുകളാണ് പുറത്ത് വന്നത്. പോളിറ്റ്ബ്യൂറോ അംഗം, എംഎല്‍എമാര്‍, ജില്ലാ സെക്രട്ടറിമാര്‍ മുതിര്‍ന്ന നേതാക്കള്‍ അടക്കം പ്രമുഖരെയാണ് സിപിഎം മത്സര രംഗത്തിറക്കുന്നത്. പരിചയസമ്പന്നരെ കളത്തിലിറക്കി പരമാവധി സീറ്റുറപ്പാക്കാനാണ് സിപിഎം നീക്കം.

കൊല്ലത്ത് മുകേഷ് മത്സരിക്കുമ്പോള്‍ പത്തനംതിട്ടയില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ തോമസ് ഐസകും, ആലപ്പുഴയില്‍ സിറ്റിംഗ് എംപി എഎം ആരിഫ് എന്നിവര്‍ മത്സരിക്കാനാണ് ധാരണ. പാലക്കാട്ട് എ വിജയരാഘവന്‍ മത്സര രംഗത്തേക്ക് വരും. ആലത്തൂര്‍ കെ രാധാകൃഷ്ണന്‍ മത്സരിക്കാനാണ് സിപിഎം സെക്രട്ടറിയേറ്റില്‍ ധാരണയായത്. കോഴിക്കോട്ട് മുതിര്‍ന്ന നേതാവ് എളമരം കരീം മത്സരിക്കുമെന്നാണ് സൂചന. ജില്ലാ കമ്മറ്റിയുടെ പട്ടികയില്‍ എളമരം കരീമാണ് ഇടം പിടിച്ചത്. വടകരയില്‍ മുന്‍ മന്ത്രി കെ കെ ശൈലജയെ മത്സരിപ്പിക്കാനാണ് ധാരണ. കണ്ണൂര്‍ എം വി ജയരാജനും കാസറകോട് എന്‍ വി ബാലകൃഷ്ണനുമാണ് പട്ടികയിലിടം പിടിച്ചത്. എറണാകുളം, ചാലക്കുടി സീറ്റുകളിലാണ് ഇനി തീരുമാനം ആകാനിരിക്കുന്നത്.