ബിജെപി നേതാവ് സന്ദീപ് വാര്യരുടെ കാര്യത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കി നേതാക്കളുടെ പ്രസ്താവനകള്‍. ബിജെപിയോട് ഉടക്കിയ സന്ദീപ് വാര്യര്‍ ആദ്യം സിപിഎമ്മില്‍ ചേരുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതിനോട് പ്രതികരിച്ചു കൊണ്ട് എ കെ ബാലന്‍ പറഞ്ഞത്, സന്ദീപ് വാര്യര്‍ നല്ല മനുഷ്യനാണെന്നും അദ്ദേഹം പാര്‍ട്ടിയില്‍ വന്നാല്‍ മികച്ച കോംറേഡ് ആയിത്തീരുമെന്നുമാണ്. സന്ദീപ് വാര്യര്‍ വര്‍ഗീയ രാഷ്ട്രീയം തള്ളിപ്പറഞ്ഞാല്‍ സ്വീകാര്യനാവുമെന്നായിരുന്നു മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം.
|
എന്നാല്‍, സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ സിപിഎം മലക്കം മറിഞ്ഞു. വര്‍ഗീയതയുടെ കാളിയനെ കഴുത്തിലണിഞ്ഞ് അലങ്കാരമായി കൊണ്ടു നടക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്നാണ് എം ബി രാജേഷിന്റെ പുതിയ പ്രതികരണം. ഒരു 3000മോ നാലായിരമോ എണ്ണത്തിനെ ചുട്ടുകൊന്നാല്‍ ഒതുങ്ങിക്കോളും എന്നത് പോലുള്ള നൂറുകണക്കിന് വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയിട്ടുള്ളയാളാണ് സന്ദീപ് വാര്യര്‍. സിപിഎമ്മിന് അത്തരത്തിലൊരാളെ എടുക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല. സന്ദീപിനെ എടുക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ ആലോചിച്ചിട്ട് പോലുമില്ല. പള്ളി പൊളിച്ചിടത്ത് അമ്പലം പണിയാന്‍ വെള്ളി ഇഷ്ടിക അയച്ചു കൊടുത്ത പ്രിയങ്ക ഗാന്ധിയുടെ പാര്‍ട്ടിക്ക് പറ്റിയ അസറ്റാണ് സന്ദീപ് വാര്യറെന്നും എംബി രാജേഷ് പറഞ്ഞു.
ബാലേട്ടന്‍ എല്ലാവരെക്കുറിച്ചും നല്ല വാക്ക് പറയുന്ന ആളായത് കൊണ്ടാണ് അദ്ദേഹം നല്ല കോംറേഡ് ആയി മാറുമെന്ന് പറഞ്ഞതെന്ന് എം ബി രാജേഷ് ന്യായീകരിച്ചു.
സിപിഎം നേതാക്കളെ കൊണ്ട് നല്ല വാചകങ്ങള്‍ പറയിച്ച ശേഷമാണ് സന്ദീപ് കോണ്‍ഗ്രസിലേക്ക് വരുന്നത്. ഇത് കൊണ്ട് തന്നെ സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ വിമര്‍ശിക്കുമ്പോള്‍ ഇത് പാര്‍ട്ടിക്ക് ബൂമറാങ്ങാവുകയാണ്. എ കെ ബാലന്റെ നല്ല കോംറേഡ് പരാമര്‍ശത്തെക്കുറിച്ച് മറുപടി പറയാനാവാതെ എംബി രാജേഷ് ഉരുണ്ടു കളിക്കുകയായിരുന്നു.
ഉപതെരഞ്ഞെടുപ്പി്‌ന്റെ നിര്‍ണ്ണായകഘട്ടത്തില്‍ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യര്‍ കടുത്ത പ്രതിസന്ധി ബിജെപിക്കുണ്ടാക്കിയാണ് പാര്‍ട്ടി വിടുന്നത്. പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം പാര്‍ട്ടിയില്‍ നിന്നും നേരിടുന്ന അവഗണനയാണ് സന്ദീപിനെ കൂടുതല്‍ ചൊടിപ്പിച്ചത്.
നേരത്തെ ചില പരാതികളുടെ പേരില്‍ സന്ദീപിനെ വക്താവ് സ്ഥാനത്തുനിന്നടക്കം ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു. പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കെ. സുരേന്ദ്രന്‍ തന്നെയാണ് സന്ദീപിനെ തിരികെ നേതൃനിരയിലേക്കെത്തിക്കാന്‍ മുന്‍കയ്യെടുത്തത്. ഇതിന് ശേഷവും തന്നെ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ലെന്ന പരാതി സന്ദീപ് ഉയര്‍ത്തിയിരുന്നു.
പരിഹസിച്ച് കെ സുരേന്ദ്രന്‍
സന്ദീപ് വാര്യരെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ആഴം എത്രമാത്രമുണ്ട് എന്നതിന്റെ തെളിവാണ് സന്ദീപിനെ സ്വീകരിച്ചതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. കസേര കിട്ടിയില്ലെന്ന് പറഞ്ഞ് സന്ദീപ് കോണ്‍ഗ്രസില്‍ പോയി എന്നും ‘മൊഹബത് കാ ദൂക്കാനില്‍’ വലിയ കസേരകള്‍ കിട്ടട്ടെ എന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
സന്ദീപിനെതിരെ പാര്‍ട്ടി നേരത്തെയും നടപടിയെടുത്തത് ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ആയിരുന്നില്ല. അന്ന് അക്കാര്യം പുറത്തു പറയാതിരുന്നത് രാഷ്ട്രീയപാര്‍ട്ടി സ്വീകരിക്കേണ്ട സാമാന്യ മര്യാദയുടെ പുറത്താണ്. സന്ദീപിനെ പോലെ ഒരാളെ കോണ്‍ഗ്രസ് മുറുകെ പിടിക്കണമെന്നും സ്‌നേഹത്തിന്റെ കടയില്‍ വലിയ കസേരകള്‍ ലഭിക്കട്ടെയെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.


