‘പെണ്‍കുട്ടികള്‍ കരഞ്ഞുകൊണ്ട് പോകുന്നത് കണ്ടു’; കേരളാ ക്രിക്കറ്റ് വനിതാ താരങ്ങള്‍ക്ക് നേരെ കോച്ചിന്റെ ലൈംഗികപീഡനം; കേസ്
|
കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ (KCA) പരിശീലകന്‍ മനു അസോസിയേഷന്‍ ആസ്ഥാനത്തും ക്രിക്കറ്റ് കളിക്കാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നു വെളിപ്പെടുത്തല്‍. പരാതിക്കാരായ പെണ്‍കുട്ടികളുടെ മൊഴികളിലാണ് കെസിഎ ആസ്ഥാനത്തെ പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. കെസിഎയില്‍ നിന്ന് ഒരാളുപോലും വിവരം തിരക്കിയില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
മനുവിനെതിരേ ഉയര്‍ന്ന കൂട്ട പരാതിക്ക് പിന്നാലെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പരിശീലകന്‍ മനു പീഡിപ്പിച്ചതില്‍ വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ കെസിഎയോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും നേരത്തെ കേസെടുത്തിരുന്നു.
കെസിഎ ആസ്ഥാനത്തു വെച്ചും പീഡനശ്രമം ഉണ്ടായതായി പെണ്‍കുട്ടികളിലൊരാള്‍ മൊഴി നല്‍കിയിരുന്നു. ക്രിക്കറ്റ് പരിശീലനത്തിന് എത്തിയിരുന്ന പെണ്‍കുട്ടികളെയാണ് മനു ചൂഷണം ചെയ്തിരുന്നത്. പത്തു വര്‍ഷമായി ഇയാള്‍ കെസിഎയില്‍ പരിശീലകനാണ്. പരാതി നല്‍കിയ കുട്ടികള്‍ നേരത്തെ മുതല്‍ ചൂഷണത്തിന് ഇരയായിരുന്നുവെന്നാണ് സൂചന.
മനുവിനെതിരെ 2022ല്‍ ഉണ്ടായ പോക്‌സോ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. അന്ന് പരാതിക്കാരിയായ പെണ്‍കുട്ടിക്കൊപ്പംനിന്ന ക്രിക്കറ്റ് താരം അഖിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. അയാളുടെ അടുത്തുനിന്ന് പെണ്‍കുട്ടികള്‍ കരഞ്ഞുകൊണ്ട് പോകുന്നത് കണ്ടിട്ടുണ്ട്. വഴക്ക് പറഞ്ഞതുകൊണ്ടോ പണിഷ്‌മെന്റ് കിട്ടിയതുകൊണ്ടോ ആണെന്നാണ് കരുതിയത്. കോച്ച് മോശമായി പെരുമാറുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞതായി ഒരുദിവസം എന്റെ സുഹൃത്താണ് വിളിച്ചുപറഞ്ഞത്. ആ പെണ്‍കുട്ടിയും മറ്റൊരു പെണ്‍കുട്ടിയും എന്റെ അടുത്തുവന്ന് കാര്യം പറഞ്ഞു. പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളായിരുന്നു. അവര്‍ പറയുന്നത് വീഡിയോ എടുത്ത് കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ കൊണ്ടുപോയി. കുട്ടിയുടെ അച്ഛനും അമ്മയും തമിഴരാണ്. അവര്‍ക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല. അതുകൊണ്ട് ഞാന്‍തന്നെ പരാതി എഴുതി സ്റ്റേഷനിലും ചൈല്‍ഡ് വെല്‍ഫെയറിലും കൊടുത്തത്. ഞങ്ങള്‍ എട്ട് പേര്‍ പരാതിയില്‍ ഒപ്പിട്ടുകൊടുത്തു. ഒന്നുകൂടി ആലോചിക്ക്, ഇത് വലിയ പ്രശ്‌നമാകും, കൂടെനില്‍ക്കാന്‍ ആരെങ്കിലുമുണ്ടോ എന്നാണ് അവര്‍ ചോദിച്ചത്. അവര്‍ ഞങ്ങളെ ചൂണ്ടിക്കാണിച്ചു. കൂടെ നില്‍ക്കാമെന്ന് ഞങ്ങള്‍ പറഞ്ഞു. വളരെ പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു അത്. ”ഞങ്ങള്‍ 90 മണിക്കൂറോളം പോലീസ് സ്‌റ്റേഷനില്‍ നിന്നിട്ടുണ്ട്. എന്നാല്‍, പ്രതിയായ മനു ഒരുദിവസം പോലും അവിടെ വരുന്നതോ പോലീസ് ചോദ്യം ചെയ്യുന്നതോ ഞാന്‍ കണ്ടിട്ടില്ല. ആ കേസ് പോലും ഇന്നില്ല. അത് ഒത്തുതീര്‍പ്പാക്കിയെന്നാണ് പിന്നീട് അറിഞ്ഞത്. പോലീസുകാരുടെ പെരുമാറ്റം വളരെ മോശമായിരുന്നു. അതുകൊണ്ട് ഞാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും മെയില്‍ അയച്ചിരുന്നു. അത് ഫോര്‍വേഡ് ചെയ്തുവെന്ന മറുപടി എനിക്ക് കിട്ടി. ‘നീ സി.എമ്മിനൊക്കെ മെയില്‍ അയക്കാറായോഡേ’ എന്നാണ് അവരെന്നോട് ചോദിച്ചത്. പണത്തിന് മുകളില്‍ ഒന്നും പറക്കില്ല എന്ന് പറയുന്ന പോലെയായിരുന്നു കാര്യങ്ങളെന്നും അഖില്‍ പറഞ്ഞു.
ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ അറസ്റ്റിലായ മനു റിമാന്‍ഡിലാണ്. ആറു പോക്‌സോ കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ക്കു പോകുമ്പോള്‍ മാത്രമല്ല കെസിഎ ആസ്ഥാനത്തും മനു കുട്ടികളെ ചൂഷണത്തിന് ഇരയാക്കിയിരുന്നു. ജിംനേഷ്യത്തിലെ പരിശീലനത്തിനു ശേഷം ശുചിമുറിയില്‍ പോയ പെണ്‍കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായതായും വെളിപ്പെടുത്തല്‍ വന്നിരുന്നു.
Cricket Coach of kca arrested for sexually abusing minor girls


