23
Aug 2022
Thu
23 Aug 2022 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയം: ജനപക്ഷം നേതാവും മുൻ എംഎൽഎയുമായ പി സി ജോര്‍ജും മകൻ ഷോൺ ജോർജും താമസിക്കുന്ന ഈരാറ്റുപേട്ടയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതിയായ നടന്‍ ദിലീപിനെതിരെ ഗൂഢാലോചന ഉണ്ടെന്ന് വരുത്താന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി പ്രമുഖരുടെ പേരില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിച്ച കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് പരിശോധന.

 

ഇത് അയച്ചത് പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ നമ്പറില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതിയുടെ അനുമതി വാങ്ങിയാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്. ഇതുകൂടാതെ കേസിൽ അറസ്റ്റിലായ, ദിലീപിന്റെ സഹോദരൻ അനൂപുമായി ഷോണ്‍ ജോർജ് ഫോണിൽ സംസാരിക്കുകയും ദിലീപിനെ ജയിലിലെത്തി കാണുകയും ചെയ്തിരുന്നു.

 

കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന. നടി മഞ്ജുവാര്യര്‍, ഡിജിപി ബി സന്ധ്യ തുടങ്ങിയവരുടെ വ്യാജ പ്രൊഫൈലുകള്‍ ഉള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ദിലീപിനെ പൂട്ടിക്കണം എന്ന പേരിലായിരുന്നു ഈ ഗ്രൂപ്പ്. ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്നതിന് തെളിവ് സൃഷ്ടിക്കാൻ വേണ്ടിയാണ് ഇത്തരമൊരു ഗ്രൂപ്പ് രൂപീകരിച്ചതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

 

2019ല്‍ ദിലീപിന്റെ സഹോദരനെ ഫോണ്‍ വിളിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് പി സി ജോര്‍ജിന്റെ പ്രതികരണം. ആ ഫോണ്‍ നശിപ്പിക്കപ്പെട്ടതായി ഷോണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കത്ത് നല്‍കിയിരുന്നെന്നും ജോർജ് പറയുന്നു.

 

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലിച്ചും അതിജീവിതയെ അധിക്ഷേപിക്കും പി സി ജോർജും പലവട്ടം രം​ഗത്തെത്തിയിരുന്നു. കേസ് കാരണം നടിക്ക് കൂടുതൽ അവസരങ്ങൾ കിട്ടിയെന്നായിരുന്നു ജോർജ് അടുത്തിടെ കോട്ടയത്ത് വാർത്താസമ്മേളനത്തിൽ നടത്തിയ അധിക്ഷേപം. ജീവിതത്തിൽ നഷ്ടമുണ്ടായെങ്കിലും മറ്റു മേഖലകളിൽ നടിക്ക് ലാഭമേ ഉണ്ടായിട്ടുള്ളൂവെന്നും ജോർജ് പറഞ്ഞിരുന്നു.