28
Oct 2024
Fri
28 Oct 2024 Fri
cyber crime fraud

തൃശൂര്‍: പണം തട്ടാന്‍ പല വഴികളും പയറ്റുന്ന സൈബര്‍ തട്ടിപ്പ് സംഘം ഗൂഗിള്‍പേ വഴിയും കളി തുടങ്ങി. (Cyber crime via google pay) അടുത്ത ബന്ധുക്കളുടെ സുഹൃത്താണെന്ന് പറഞ്ഞ് ഫോണ്‍ വിളിച്ചാണ് തട്ടിപ്പ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസം തൃശൂര്‍ കൈപ്പറമ്പ് കളത്തിക്കാട്ടില്‍ രാജന്റെ മകള്‍ മിനു രാജുവില്‍ നിന്ന് ഇത്തരത്തില്‍ പണം തട്ടാന്‍ ശ്രമം നടന്നു. എന്നാല്‍ മിനുവിന്റെ അവരോചിതമായ ഇടപെടല്‍ മൂലം തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

വിമുക്തഭടനായ രാജന്റെ സഹപ്രവര്‍ത്തകനായ ഗുപ്ത എന്ന് പേര് പരിചയപ്പെടുത്തിയാണ് മിനുവിന് ഫോണ്‍ വന്നത്. ഹിന്ദിയിലായിരുന്നു സംസാരം. ആശുപത്രി ആവശ്യത്തിന് അച്ഛന് 15000 രൂപ ആവശ്യമുണ്ടെന്നു പറഞ്ഞിരുന്നുവെന്നും അദ്ദേഹത്തിന്റെ ഫോണില്‍ നെറ്റ്‌വര്‍ക്ക് പ്രശ്‌നമുള്ളതിനാല്‍ മിനുവിന്റെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് അയക്കാമെന്നും ഇയാള്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് വിളിച്ചയാള്‍ 10,000 രൂപ മിനുവിന് ഗൂഗിള്‍ പേ ചെയ്തതായും പറഞ്ഞു. 10,000 രൂപ ലഭിച്ചതായി സന്ദേശവും ഫോണില്‍ തെളിഞ്ഞു. 5,000 കൂടി വീണ്ടും അയച്ചു. സന്ദേശം നോക്കാന്‍ പറഞ്ഞു. 5,000 രൂപയ്ക്ക് പകരം 50,000 ലഭിച്ചതായാണ് സന്ദേശം. ‘അയ്യോ തെറ്റി, ഒരു പൂജ്യം കൂടി പോയി. തിരിച്ച് ഉടന്‍ 45,000 രൂപ ഗൂഗിള്‍ പേ ചെയ്യുവാന്‍ പറഞ്ഞ് ഫോണ്‍ നമ്പര്‍ അയച്ചു.

ഇതോടെ സംശയം തോന്നിയ മിനു അച്ഛനെ വിളിച്ചതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. ഫോണില്‍ പണം കൈമാറിയതായി വന്നത് ബാങ്കിന്റെ സന്ദേശം അല്ലെന്നും വ്യാജമാണെന്നും മനസ്സിലായി. ബാങ്ക് അക്കൗണ്ടിലും പണം ക്രെഡിറ്റ് ആയിട്ടില്ല.

അച്ഛന്‍ രാജന്റെ സഹപ്രവര്‍ത്തകനായിരുന്ന കേണല്‍ ഗുപ്തയുമായി മിനു പലതവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അദ്ദേഹമായിരിക്കും വിളിക്കുന്നതെന്നാണ് കരുതിയത്. എന്നാല്‍, പണം പെട്ടെന്ന് തിരിച്ചയക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് സംശയമായത്.

മിനു ഡല്‍ഹിയില്‍ ഫ്രഞ്ച് എംബസിയില്‍ പ്രോട്ടോകോള്‍ ഓഫീസറാണ്. അവസരോചിതമായി പെരുമാറിയതു കൊണ്ട് മാത്രമാണ് പണം നഷ്ടപ്പെടാതിരുന്നത്. നിരവധിപേര്‍ക്ക് ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടതായാണ് സൂചന.

അപകടവും ആശുപത്രിക്കേസുകളും പറഞ്ഞാണ് തട്ടിപ്പ്. പണം ക്രെഡിറ്റ് ആയ സന്ദേശം കാണുമ്പോള്‍ മറ്റൊന്നും ആലോച്ചിക്കാതെ പൈസ തിരിച്ച് അയക്കുന്നവരാണ് കെണിയില്‍ പെടുന്നത്. ഫോണ്‍ കോളുകള്‍ വരുമ്പോള്‍ ജാഗ്രതവേണമെന്ന് സൈബര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി.