ചെന്നൈ: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ശക്തമായ ന്യൂനമര്‍ദം ‘ഫെംഗല്‍’ ചുഴലിക്കാറ്റായി വരുന്നു.(Cyclone Fengal is approaching; holiday for educational institutions in Tamil Nadu; alert in Kerala too) ഇതിന്റെ ഭാഗമായി തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ അതിതീവ്ര മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
|
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി, രാമനാഥപുരം, നാഗപട്ടണം, കടലൂര്‍, വില്ലുപുരം, തിരുവള്ളുവര്‍ ജില്ലകളില്‍ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കിഴക്കന്‍ തീരത്ത് ശക്തമായ കാറ്റ് വീശുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ: ഇസ്രായേല്‍-ഹിസ്ബുല്ല വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍
അയല്‍ സംസ്ഥാനമായ പുതുച്ചേരിയിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയിലെയും കാരയ്ക്കലിലെയും എല്ലാ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി അറുമുഖം നമശിവായം അറിയിച്ചു. തമിഴ്നാട്ടില്‍ ചെന്നൈയിലും സമീപ പ്രദേശങ്ങളായ ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, കടലൂര്‍, നാഗപട്ടണം എന്നിവിടങ്ങളിലും മഴ തുടരുകയാണ്.
ചുഴലിക്കാറ്റിന്റെ ആഘാതമുണ്ടാവാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ആവശ്യത്തിനു ദുരിതാശ്വാസ ക്യാംപുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനും നിര്‍ദ്ദേശം നല്‍കി. മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് എന്‍.ഡി.ആര്‍.എഫിന്റെ 17 ടീമുകളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
കേരളത്തിലും ജാഗ്രത
ന്യൂനമര്‍ദം കേരളത്തിന് ഭീഷണിയാകില്ലെങ്കിലും മൂന്ന് ജില്ലകളില്‍ ശക്തമായ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇത് പ്രകാരം ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി.
തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുന്നതോടെ, ശ്രീലങ്ക തീരം വഴി തമിഴ് നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതി തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചതിനാല്‍ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. വെള്ളിയാഴ്ച തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.





