|
മാഞ്ചെസ്റ്റര്‍ : 12 വര്‍ഷത്തിനുശേഷം മാഞ്ചെസ്റ്റര്‍ യുണൈറ്റഡുമായി വേര്‍പിരിയുന്നുവെന്ന് വ്യക്തമാക്കി സ്‌പെയിനിന്റെ സൂപ്പര്‍ ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഹിയ. പുതിയ സീസണില്‍ യുണൈറ്റഡിന്റെ ഗോള്‍വല കാക്കാന്‍ ഡി ഹിയ ഉണ്ടാകില്ല. സമൂഹമാധ്യമങ്ങളിലൂടെയാണ് സ്പാനിഷ് താരം മാഞ്ചെസ്റ്റര്‍ യുണൈറ്റഡുമായി വേര്‍പിരിയുകയാണെന്ന് വെളിപ്പെടുത്തിയത്. ഇത്രയും കാലം കൂടെ നിന്ന ആരാധകരോട് താരം നന്ദിയറിയിച്ചു. ‘ ഇത്രയുംകാലം എന്റെകൂടെ നിന്ന മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ക്ക് നന്ദി. സര്‍ അലക്സ് ഫെര്‍ഗൂസനാണ് എന്നെ യുണൈറ്റഡിലേക്ക് കൊണ്ടുവന്നത് അന്നുതൊട്ട് നമ്മള്‍ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കി. ഓരോ തവണ യുണൈറ്റഡ് ജഴ്സിയണിയുമ്പോഴും ഞാന്‍ അഭിമാനംകൊണ്ടു. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബിനായി ദീര്‍ഘകാലം കളിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് എന്നും എന്റെ ഹൃദയത്തിലുണ്ട്. എന്നെ ഞാനാക്കിയ ക്ലബ്ബ് ഒരിക്കലും എന്നില്‍ നിന്ന് വിട്ടുപോകില്ല’- ഡി ഹിയ കുറിച്ചു.
2011-ല്‍ യുണൈറ്റഡിലെത്തിയ ഡി ഹിയയുമായുള്ള കരാര്‍ ഈ ജൂണില്‍ അവസാനിച്ചിരുന്നു. താരത്തിന് പകരം പുതിയ ഗോള്‍കീപ്പറെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ യുണൈറ്റഡ് ആരംഭിച്ചു. ആന്‍ഡ്രെ ഒനാനയെയാണ് യുണൈറ്റഡ് നോട്ടമിടുന്നത്. യുണൈറ്റഡിനായി 415 മത്സരങ്ങളില്‍ വലകാക്കാന്‍ താരത്തിന് സാധിച്ചു. കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം നേടിയത് ഡി ഹിയയാണ്. യുണൈറ്റഡിനൊപ്പം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം, എഫ്.എ കപ്പ് കിരീടം, കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടം, യുവേഫ യൂറോപ്പ ലീഗ് കിരീടം തുടങ്ങിയവ നേടാന്‍ താരത്തിന് സാധിച്ചു.
ഡി ഹിയയ്ക്ക് നന്ദിയറിയിച്ച് യുണൈറ്റഡും സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് പങ്കുവെച്ചു. ‘എന്നും യുണൈറ്റഡിന്റെ ഇതിഹാസം, നന്ദി ഡി ഹിയ’ എന്നാണ് യുണൈറ്റഡ് കുറിച്ചത്. താരം പുതുതായി ഏത് ക്ലബ്ബിലേക്കാണ് ചേക്കേറുന്നത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.


