15
Mar 2025
Mon
15 Mar 2025 Mon
deadly clashes in syria

ഡമസ്‌കസ്: സിറിയയില്‍ സുരക്ഷാ സേനയും മുന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ വിശ്വസ്തരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സിറിയന്‍ തീരപ്രദേശത്തെ രണ്ട് നഗരങ്ങളിലുള്ള മുഴുവന്‍ കുടുംബങ്ങളും കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ. (deadly clashes in Syria: More than 1000 killed)  ലതാക്കിയ, താര്‍തുസ് നഗരങ്ങളിലാണ് കൂട്ടക്കൊല നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് ആവശ്യപ്പെട്ടു.

‘സ്ത്രീകള്‍, കുട്ടികള്‍, എന്നിവരുള്‍പ്പെടെ മുഴുവന്‍ കുടുംബങ്ങളും കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്. വടക്കുപടിഞ്ഞാറന്‍ സിറിയയിലെ തീരദേശ പ്രദേശങ്ങളില്‍ സാധാരണക്കാരെ കൊല്ലുന്നത് ഉടന്‍ അവസാനിപ്പിക്കണം,’ വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞു.

ALSO READ: സിറിയയില്‍ ബശ്ശാര്‍ അനുകൂലികളും സര്‍ക്കാര്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷം; 200ലേറെ പേര്‍ കൊല്ലപ്പെട്ടു

വ്യാഴാഴ്ച അസദ് ഭരണകൂടത്തോട് കൂറുപുലര്‍ത്തിയിരുന്ന അണികള്‍ തീരദേശപ്രദേശമായ ലതാകിയ പ്രവിശ്യയിലെ ജബ്ലെയില്‍ സുരക്ഷാ സേനയെ ആക്രമിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്. ഇതേ തുടര്‍ന്ന് സിറിയന്‍ ഭരണകൂടത്തെ അനുകൂലിക്കുന്ന സായുധ സംഘം സൈന്യത്തെ സഹായിക്കുന്നതിന് സംഘടിച്ചെത്തുകയായിരുന്നു.

ഇതോടെയാണ് ബശ്ശാര്‍ അനുകൂലികളായ ന്യൂനപക്ഷമായ അലവി വിഭാഗത്തില്‍പ്പെട്ടവരെ തിരഞ്ഞു പിടിച്ച് ആക്രമിക്കാന്‍ തുടങ്ങിയത്. ലതാകിയയിലെ ബനിയാസിലുള്ള ഒരു പവര്‍ പ്ലാന്റില്‍വെച്ച് അസദ് അനുയായികള്‍ സുരക്ഷാ സേനയെ ആക്രമിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ച വീണ്ടും ഏറ്റുമുട്ടല്‍ രൂക്ഷമാവുകയായിരുന്നു.

കലാപം അടിച്ചമര്‍ത്താന്‍, സിറിയന്‍ സര്‍ക്കാര്‍ കൂടുതല്‍ സേനയെ പ്രദേശത്തേക്ക് വിളിപ്പിച്ചിരുന്നു. ഇതുവരെ സംഘര്‍ഷത്തില്‍ 745 സാധാരണക്കാരും 125 സിറിയന്‍ സുരക്ഷാ സേനാംഗങ്ങളും 148 അസദ് വിശ്വസ്തരും ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി യു.കെ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (എസ്.ഒ.എച്ച്.ആര്‍) അറിയിച്ചു. എന്നാല്‍ സിറിയന്‍ സര്‍ക്കാര്‍ ഔദ്യോഗിക കണക്ക് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ഞായറാഴ്ച, സിറിയയുടെ ഇടക്കാല പ്രസിഡന്റായി നിയമിതനായ അഹമ്മദ് അല്‍ ഷറ, ദേശീയ ഐക്യത്തിന് ആഹ്വാനം ചെയ്തു. ‘നമ്മള്‍ ദേശീയ ഐക്യവും ആഭ്യന്തര സമാധാനവും സംരക്ഷിക്കണം, നമുക്ക് ഒരുമിച്ച് ജീവിക്കാം,’ അദ്ദേഹം പറഞ്ഞു.

വടക്കുപടിഞ്ഞാറന്‍ സിറിയയിലെ സിവിലിയന്മാരുടെയും സുരക്ഷാ സേനയുടെയും കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ജഡ്ജിമാരും ഒരു അഭിഭാഷകനും ഉള്‍പ്പെടുന്ന ഏഴംഗ കമ്മിറ്റി രൂപീകരിച്ചതായി സിറിയന്‍ പ്രസിഡന്റ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. കമ്മിറ്റി 30 ദിവസത്തിനുള്ളില്‍ അതിന്റെ കണ്ടെത്തലുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു റിപ്പോര്‍ട്ട് പുറത്തിറക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്..

‘വിമത’ ഗ്രൂപ്പായ ഹയാത്ത് തെഹ്രീര്‍ അല്‍ഷാമിന്റെ (എച്ച്.ടി.എസ്) നേതൃത്വത്തിലുള്ള സംഘം ബശ്ശാറുല്‍ അസദിനെ അട്ടിമറിച്ച് മൂന്ന് മാസം മുമ്പാണ് സിറിയയിലെ അധികാരം പിടിച്ചത്.

അതേസമയം സിറിയയിലെ തീരദേശ പ്രദേശങ്ങളില്‍ സിറിയന്‍ സുരക്ഷാ സേന അലവി വംശജരെ ലക്ഷ്യം വെച്ച് പ്രതികാര നടപടി സ്വീകരിക്കുന്നത് ന്യൂനപക്ഷങ്ങളില്‍ ഭീതി ജനിപ്പിച്ചിട്ടുണ്ട്.

രാജ്യത്തെ ജനസംഖ്യയുടെ 10 ശതമാനം മാത്രമുള്ള അലവികള്‍, അസദ് കുടുംബത്തിന്റെ 50 വര്‍ഷത്തിലേറെ നീണ്ട ഭരണകാലത്ത് രാജ്യത്ത് ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. ഷിയ ഇസ്ലാമിന്റെ ഒരു ശാഖയായ അലവികള്‍, അസദ് സര്‍ക്കാരിന്റെ കീഴില്‍ ഭരണത്തിലും സൈന്യത്തിലും ഉന്നത റാങ്കുകളിലും പ്രവര്‍ത്തിച്ചിരുന്നു.