30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
clashes in syria

ദമസ്‌കസ്: സിറിയയില്‍ മുന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ അനുകൂലിക്കുന്നവരും ഇടക്കാല സര്‍ക്കാരിന്റെ സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായി. (Clashes in Syria between government forces and Asad loyalists) അസദിന്റെ ജന്മദേശമായ ലദാക്കിയ കേന്ദ്രീകരിച്ചാണ് സംഘര്‍ഷം വ്യാപകമാവുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏറ്റുമുട്ടലില്‍ ഇതുവരെ 200ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്. 50 സൈനികരും അസദ് അനുകൂലികളായ 45 പേരും കൊല്ലപ്പെട്ടു. ലദാക്കിയയിലെ അലവി വിഭാഗക്കാരെ സൈനികര്‍ വെടിവച്ചു കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

വ്യാഴാഴ്ച്ച തുടങ്ങിയ സംഘര്‍ഷം ഇപ്പോഴും തുടരുകയാണെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് റിപോര്‍ട്ട് ചെയ്തു. ഗ്രാമങ്ങളില്‍ 140 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഷീര്‍, ഹഫ എന്നീ ഗ്രാമങ്ങളില്‍ കടന്ന സര്‍ക്കാര്‍ സൈന്യം സ്ത്രീകളെയും കുട്ടികളെയും ഒഴിവാക്കി 69 പുരുഷന്‍മാരെ കൊന്നുവെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

ALSO READ: ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ നാളെ; പഴുതടച്ച സുരക്ഷയൊരുക്കി ദുബൈ; ആവേശത്തില്‍ പ്രവാസികള്‍

മുന്നില്‍ കണ്ട പുരുഷന്മാരെ മുഴുവന്‍ സര്‍ക്കാര്‍ സൈന്യം വെടിവച്ചു കൊന്നെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് മേധാവി റാമി അബ്ദുല്‍റഹ്‌മാന്‍ പറഞ്ഞു. മുഖ്താറിയെഹ് ഗ്രാമത്തില്‍ മാത്രം 30 പേര്‍ കൊല്ലപ്പെട്ടെന്ന് ബെയ്റൂത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടിവി ചാനല്‍ റിപോര്‍ട്ട് ചെയ്തു. ബനിയാസ് നഗരത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 60തോളം പേര്‍ കൊല്ലപ്പെട്ടു.

സര്‍ക്കാര്‍ സൈനികര്‍ക്കെതിരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പ്രതികാരം ചെയ്യാന്‍ നിരവധി പേര്‍ ലദാക്കിയയിലെത്തി. ഇതില്‍പ്പെട്ട ചിലര്‍ അതിക്രമങ്ങള്‍ പ്രവര്‍ത്തിച്ചതായും അവരെ തടയാന്‍ ശ്രമങ്ങള്‍ നടത്തുന്നതായും സിറിയന്‍ വാര്‍ത്താ ഏജന്‍സിയായ സന റിപോര്‍ട്ട് ചെയ്തു.

ധാര്‍മികത ലംഘിച്ചാല്‍ നമ്മളും ശത്രുക്കളും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് സിറിയന്‍ പ്രസിഡന്റ് അഹമദ് അല്‍ ഷറ സൈനികരോട് പറഞ്ഞു. അസദിന്റെ അനുകൂലികള്‍ പ്രകോപനത്തിനായി കാത്തിരിക്കുകയാണെന്നും എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ചരിത്രപ്രസിദ്ധമായ ഉമയ്യദ് ചത്വരത്തില്‍ വന്‍ജനക്കൂട്ടം ഒത്തുകൂടി.

അതേസമയം, ലദാക്കിയയിലെ റഷ്യന്‍ വ്യോമസേനാ താവളത്തിന് മുന്നിലും ജനക്കൂട്ടം എത്തി. റഷ്യന്‍ സൈന്യത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ടാണ് അവര്‍ എത്തിയത്.

സിറിയയില്‍ സംഘര്‍ഷം അതിവേഗം വ്യാപിക്കുകയാണെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും റഷ്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. സിറിയന്‍ അറബ് റിപ്പബ്ലിക്കിന്റെ ഭൂമിശാസ്ത്രപരമായ പരമാധികാരത്തെ ബാധിക്കുന്ന ഒരു കാര്യവും ചെയ്യില്ലെന്നും റഷ്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഏറ്റുമുട്ടലുകള്‍ സിറിയന്‍ സര്‍ക്കാരിന് വലിയ ഭീഷണിയാണെന്ന് തുര്‍ക്കിയും പ്രതികരിച്ചു. സിറിയയില്‍ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് തുര്‍ക്കിയുടെ വിദേശകാര്യ വക്താവ് ഒന്കു കെസെലി പറഞ്ഞു.

സംഘര്‍ഷം മറ്റിടങ്ങളിലേക്കും വ്യാപിച്ചാല്‍ സിറിയ വീണ്ടും മറ്റൊരു ആഭ്യന്തരയുദ്ധത്തിലേക്ക് പോയേക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement