29
May 2023
Sun
29 May 2023 Sun

മലപ്പുറം: കേരളത്തെ ഞെട്ടിച്ച് താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ 18 ആയി. 10 കുട്ടികൾ അടക്കമുള്ളവരാണ് മരിച്ചതെന്നാണ് വിവരം. നിരവധി പേരെ കാണാതായി. ഏഴു പേരെ രക്ഷപെടുത്തി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളത്തിനടിയിൽപ്പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എട്ടും അജിനോറ ആശുപത്രിയിൽ ഒമ്പതും മൃതദേഹങ്ങളാണ് ഉള്ളത്. 35 ഓളം യാത്രികരുമായ പോയ വിനോദയാത്രാ ബോട്ടാണ് മറിഞ്ഞത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതർ പറയുന്നത്. തല കീഴായി മറിഞ്ഞ ബോട്ട് പൂർണമായും മുങ്ങി.

അവധി ദിവസമായതിനാൽ ബീച്ചിൽ നിരവധി ആളുകളുണ്ടായിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. രാത്രിയായതിനാൽ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. താനൂരിലും പരിസരങ്ങളിലുമുള്ളവരാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത്.

താനൂര്‍ സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ള ശിങ്കാര ബോട്ട് ആണ് അപകടത്തിൽപ്പെട്ടത്. 20 പേർക്ക് കയറാവുന്ന ബോട്ടിൽ അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരെ കയറ്റിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. പലർക്കും ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നില്ല. പരിക്കേറ്റവരെ തിരൂരിലേയും താനൂരിലേയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അഞ്ചര വരെയാണ് ബോട്ട് സര്‍വീസ് നടത്താന്‍ അനുമതിയുള്ളതെങ്കിലും ഞായറാഴ്ചയായതിനാല്‍ കുടുംബങ്ങള്‍ അടക്കമുള്ളവരുടെ വന്‍ തിരക്കുണ്ടായിരുന്നു. അതിനാലാണ് വൈകിയ നേരത്തും ബോട്ട് സര്‍വീസ് നടത്തിയത്. ബോട്ടിന്റെ ഒരു ഭാഗത്തേക്ക് യാത്രികര്‍ നീങ്ങിയതിനെ തുടര്‍ന്നാണ് അപകടമെന്നാണ് പ്രാഥമിക വിവരം.