അച്ഛന്റെയും മകളുടെയും മൃതദേഹം അഴുകിയ നിലയില്‍ അടച്ചിട്ട അപ്പാര്‍ട്ട്‌മെന്റില്‍ കണ്ടെത്തി. അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന അയല്‍വാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ചെന്നൈയിലാണ് സംഭവം.
|
അഞ്ചുമാസം വരെ പഴക്കമുണ്ടായിരുന്നു മൃതദേഹങ്ങള്‍ക്ക്. നിരവധി രോഗങ്ങള്‍ അലട്ടിയിരുന്ന വൃദ്ധനായ അച്ഛനും മകളും ഇവരുടെ ലിവിങ് ടുഗദര്‍ പങ്കാളിയായ ഡോക്ടറുമായിരുന്നു അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്നത്. ഇയാള്‍ മാസങ്ങളായി ഇവിടെ എത്തുന്നില്ലെന്ന് അയല്‍വാസികള്‍ മൊഴി നല്‍കി.
അന്വേഷണത്തിനൊടുവില്‍ ഡോക്ടറെ പോലീസ് പിടികൂടി. മാസങ്ങള്‍ക്കു മുമ്പ് വീട്ടില്‍ വച്ച് വഴക്കുണ്ടായപ്പോള്‍ യുവതിയെ പിടിച്ചുതള്ളിയെന്നും തലയടിച്ചുവീണ് മരിക്കുകയായിരുന്നുവെന്നും പിടിയിലായ പ്രതി പറഞ്ഞു. ഇതോടെ വീടുപൂട്ടി താന്‍ കടന്നുകളയുകയായിരുന്നുവെന്നും പ്രതി പോലീസിനോടു വെളിപ്പെടുത്തി. അതേസമയം വൃദ്ധന്റെ മരണകാരണം വ്യക്തമല്ല. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നാലെ മരണകാരണം വ്യക്തമാവൂ എന്ന് പോലീസ് പറഞ്ഞു.





