പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാന്മാരായ ഇ അബൂബക്കറിനും ഒ എം എ സലാമിനും ഡല്‍ഹി കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. റീഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ ചട്ടവിരുദ്ധമായി വിദേശസഹായം സ്വീകരിച്ചെന്നാരോപിച്ച് ഡല്‍ഹി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതിയുടെ നടപടി. 2024 ജൂലൈ 31 മുതല്‍ രണ്ടു പേരും റിമാന്‍ഡിലാണെന്ന് സാകേത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഡോ. നുപൂര്‍ ഗുപ്ത ചൂണ്ടിക്കാട്ടി. ഇരുവരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്ന് പുതുതായി ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഈ കേസില്‍ ഇരുവരും ജയിലില്‍ കിടക്കേണ്ട ആവശ്യമില്ലെന്നുമാണ് നുപൂര്‍ ഗുപ്ത വ്യക്തമാക്കിയത്.
|
50,000 രൂപയുടെ ബോണ്ട്, തുല്യമായ തുകയ്ക്കുള്ള ഒരു ആള്‍ജാമ്യം, കോടതി കേസ് പരിഗണിക്കുമ്പോഴെല്ലാം ഹാജരാവണം, കോടതിയുടെ അനുമതിയില്ലാതെ രാജ്യത്തിന് പുറത്തുപോവരുത്, തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.
അതേസമയം മറ്റു കേസുകള്‍ നിലവിലുള്ളതിനാല്‍ അവയില്‍ കൂടി ജാമ്യം ലഭിച്ചാലേ ഇരുവര്‍ക്കും ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവൂ. ഗുരുതര രോഗങ്ങള്‍ വേട്ടയാടുന്ന ഇ അബൂബക്കര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചെങ്കിലും കോടതി ആവശ്യം തള്ളിയിരുന്നു. മകളുടെ അപകടമരണത്തെ തുടര്‍ന്ന് ഒഎംഎ സലാം നേരത്തേ പരോളില്‍ പുറത്തിറങ്ങിയിരുന്നു. നേരത്തേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതിനു മുന്നോടിയായാണ് ഇരുവരെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്.
ALSO READ: മകളുടെ ഖബറിടത്തില്‍ പ്രാര്‍ത്ഥിച്ച് ഒഎംഎ സലാം ജയിലിലേക്കു മടങ്ങി





