
ന്യൂഡല്‍ഹി: ഡൽഹി നിയമ സഭാ തിരഞ്ഞെടുപ്പിൽ ഇന്ന് കലാശക്കൊട്ട്. ഒരു മാസത്തോളം നീണ്ടുനിന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബുധനാഴ്ച്ചയാണ് 70 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്. വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍. ഭരണതുടര്‍ച്ചക്ക് ആം ആദ്മി പാര്‍ട്ടി ശ്രമിക്കുമ്പോള്‍, ഒരു അട്ടിമറിയാണ് കോണ്‍ഗ്രസും ബിജെപിയും ലക്ഷ്യമിടുന്നത്.
![]() |
|
ആം ആദ്മിയും കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള നേര്‍ക്ക് നേര്‍ പോരാട്ടമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. അതേസമയം അരവിന്ദ് കെജ്രിവാള്‍ എന്ന ഒറ്റയാള്‍ പോരാളിയാണ് ആം ആദ്മി പാര്‍ട്ടി പ്രചാരണത്തിന് നേതൃത്വം നല്‍കിയത്.
എന്നാല്‍ മുന്‍പത്തെ തിരഞ്ഞെടുപ്പുകള്‍ പോലെ എളുപ്പമുള്ള ഒന്നാകില്ല ആം ആദ്മിക്ക് ഇത്തവണത്തേത്. കഴിഞ്ഞ ദിവസം എട്ട് ആം ആദ്മി എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോയത് പാര്‍ട്ടിക്ക് വലിയ ക്ഷീണം ഉണ്ടാക്കിയിരുന്നു. ഇന്‍ഡ്യ സഖ്യകക്ഷികളായ കോണ്‍ഗ്രസും ആം ആദ്മിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിന് കൂടിയാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. തിരഞ്ഞെടുപ്പില്‍ സഖ്യം വേണ്ടെന്ന് ആം ആദ്മി നേരത്തെ തീരുമാനമെടുത്തിരുന്നു.
കെജ്രിവാളിനെ മദ്യനയ അഴിമതിക്കേസിലെ മുഖ്യ ആള്‍ എന്ന നിലയില്‍ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചതടക്കം നിരവധി സംഭവങ്ങള്‍ പ്രചാരണത്തിനിടെയുണ്ടായി. യമുന നദി വിവാദം തുടങ്ങി നിരവധി ആരോപണങ്ങള്‍ ബിജെപിയും ആം ആദ്മിക്ക് നേരെ ഉയര്‍ത്തിയിരുന്നു.