|
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) അഞ്ച് വര്‍ഷത്തെ നിരോധനം സ്ഥിരീകരിച്ച ഉത്തരവിനെതിരായ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി ഡല്‍ഹി ഹൈക്കോടതി. വിഷയത്തില്‍ ജൂലൈ 14 ന് നിര്‍ണായക വാദംകേള്‍ക്കല്‍ നടക്കും. 2022 സെപ്റ്റംബര്‍ 27ന് പിഎഫ്‌ഐയെ നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമ ട്രൈബ്യൂണല്‍ 2024 മാര്‍ച്ച് 21 ന് ശരിവച്ചിരുന്നു. ഇതിനെതിരായ ഹരജിയാണ് കോടതിയിലുള്ളത്. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് കേള്‍ക്കുക.
ഹര്‍ജിയുടെ നിയമസാധുതയെക്കുറിച്ചുള്ള പ്രശ്‌നങ്ങള്‍ കേന്ദ്രത്തെ പ്രതിനിധീകരിച്ച അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജു ഉന്നയിച്ചിട്ടുണ്ട്. അടുത്ത വാദം കേള്‍ക്കുന്ന തീയതിയില്‍ ഇതു സംബന്ധിച്ച വിഷയം പരിഗണിച്ച് തീരുമാനിക്കുമെന്ന് ബെഞ്ച് പറഞ്ഞു.
അതേസമയം ഹര്‍ജി 14 തീയതികളില്‍ വാദം കേള്‍ക്കാന്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഈ വിഷയത്തില്‍ ഔദ്യോഗിക നോട്ടീസ് അയച്ചിട്ടില്ലെന്ന് പിഎഫ്‌ഐയുടെ അഭിഭാഷകന്‍ ബെഞ്ചിനെ അറിയിച്ചു. കേന്ദ്രത്തിന് നോട്ടീസ് അയച്ച് മറുപടി നല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ എതിര്‍കക്ഷിയുടെ അഭിഭാഷകന്റെ ആവശ്യപ്രകാരം നോട്ടീസ് നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം നിലപാടെടുത്തു. ഹര്‍ജിയുടെ നിലനില്‍പ്പും കേന്ദ്രം ചോദ്യംചെയ്തു. ട്രൈബ്യൂണലിന് നേതൃത്വം നല്‍കുന്നത് സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയായതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നും അതിനാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226 പ്രകാരം ട്രൈബൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐസിസ് പോലുള്ള ആഗോള ഭീകര സംഘടനകളുമായി ബന്ധം പുലര്‍ത്തുകയും രാജ്യത്ത് വര്‍ഗീയ വിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പിഎഫ്‌ഐയെ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചത്. പിഎഫ്‌ഐക്കൊപ്പം അതിന്റെ പോഷകസംഘടനകളെയും കേന്ദ്രം നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍ഐഎഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എഐഐസി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്ആര്‍ഒ), നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, കേരള റിഹാബ് ഫൗണ്ടേഷന്‍ എന്നിവയുള്‍പ്പെടെയുള്ള കൂട്ടായ്മകളെയുമാണ് ഇതോടൊപ്പം നിരോധിച്ചത്. നിരോധനം മുതല്‍ സംഘടനയുടെ മുന്‍നിര നേതാക്കള്‍ ജയിലിലാണ്.
The Delhi High Court would on July 14 hear the Centre’s opposition to the maintainability of the Popular Front of India’s (PFI) plea against an order confirming the five-year ban on the organisation.


