25
Sep 2025
Fri
25 Sep 2025 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങള്‍ പാകിസ്ഥാന് ചേര്‍ത്തിക്കൊടുത്ത സംഘവുമായി ബന്ധമുള്ള നേപ്പാളി യുവാവിനെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തു. നേപ്പാളിലെ ബിര്‍ഗുഞ്ച് സ്വദേശി പ്രഭാത് കുമാര്‍ ചൗരസ്യ (43) ആണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞമാസം 28ന് ഡല്‍ഹിയിലെ ലക്ഷ്മി നഗറില്‍ നിന്നാണ് ഇയാളെ ഡൽഹി സ്പെഷ്യൽ സെൽ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലില്‍ ഇയാളുടെ പങ്ക് വ്യക്തമയാതോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പാക് ചാരസംഘടനയായ ഐ.എസ്.ഐയ്ക്ക് ഇന്ത്യയില്‍ ചാരവൃത്തി നടത്തുന്നതിന് ഇവിടെയുള്ള കൂട്ടാളികളുമായി ആശയവിനിമയത്തിന് സഹായിക്കുന്ന വിധത്തില്‍ ഇന്ത്യന്‍ സിം കാര്‍ഡുകള്‍ നല്‍കിയതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഇയാള്‍ക്കെതിരെയുള്ളത്.

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്ന് ലഭിച്ച ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ചൗരസ്യ 16 സിം കാര്‍ഡുകള്‍ ആണ് വാങ്ങിയത്. പിന്നീട് ഇവയെല്ലാം നേപ്പാളിലേക്ക് കൊണ്ടുപോയി. അതില്‍ 11 എണ്ണം പാകിസ്ഥാനില്‍ എത്തിച്ച് ഐ.എസ്.ഐ ഏജന്റുമാര്‍ക്ക് കൈമാറി. ഈ സിമ്മുകള്‍ പിന്നീട് ലാഹോറിലും ബഹവല്‍പൂരിലും ഐ.എസ്.ഐ ചാരന്‍മാര്‍ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഉണ്ടാക്കാനും അതുവഴി ഇന്ത്യയിലെ ഏജന്റുമാരുമായും ചാരന്‍മാരുമായും ബന്ധപ്പെടാനും ഉപയോഗിച്ചെന്നും പൊലിസ് കണ്ടെത്തി. സംശയം തോന്നാതിരിക്കാനാണ് ഇന്ത്യന്‍ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്.

നേപ്പാളി ഇടനിലക്കാരന്‍ വഴി കഴിഞ്ഞവര്‍ഷം മുതലാണ് ചൗരസ്യ പാക് ചാരസംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് തുടങ്ങിയത്. മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ യു.എസ് വിസ നേടാന്‍ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ചൗരസ്യയെ പാക് ഏജന്റുമാര്‍ കൂടെക്കൂട്ടിയത്. പകരമായി ഇന്ത്യന്‍ സിം കാര്‍ഡുകള്‍ വിതരണം ചെയ്യാനും ഒപ്പം ഇന്ത്യന്‍ പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാനും അദ്ദേഹത്തെ ചുമതലപ്പെടുത്തി. ഇതിനായി ചൗരസ്യക്ക് പാക് ചാരസംഘടന പണം നല്‍കിയെന്നും പൊലിസ് കണ്ടെത്തി.

ചൗരസ്യ വിതരണം ചെയ്ത സിം കാര്‍ഡുകള്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രദേശത്ത് വ്യാപകമായി ഉപയോഗിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറസ്റ്റിനിടെ സംശയകരമായ വസ്തുക്കളും ഒഴിഞ്ഞ സിം കാര്‍ഡ് പാക്കറ്റുകളും അടങ്ങിയ നിരവധി ഡിജിറ്റല്‍ ഉപകരണങ്ങള്‍ പൊലിസ് കണ്ടെടുത്തു. ഐ.എസ്.ഐയുടെ ഇന്ത്യന്‍ മണ്ണിലെ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കും ചാരവൃത്തിക്കും അതിര്‍ത്തിക്കപ്പുറത്തുള്ള ശൃംഖലയ്ക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് പ്രഭാത് കുമാര്‍ ചൗരസ്യയുടെ അറസ്റ്റെന്ന് അധികൃതര്‍ അറിയിച്ചു.

1982ല്‍ നേപ്പാളില്‍ ജനിച്ച ചൗരസ്യ ബിഹാറിലെ മോത്തിഹാരിയില്‍ പഠിക്കുകയും ഐ.ടിയില്‍ ബിരുദം നേടുകയും ചെയ്തു. തുടര്‍ന്ന് നേപ്പാളിലേക്ക് തിരിച്ചുപോയി കാഠ്മണ്ഡുവില്‍ ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്ത് ജോലിചെയ്തു. ഇതിനിടെ ലോജിസ്റ്റിസ് കമ്പനി തുടങ്ങാനുള്ള നീക്കം പരാജയപ്പെട്ടതോടെ വിദേശത്തേക്ക് പോകാനുള്ള ശ്രമങ്ങള്‍ തുടങ്ങിയപ്പോഴാണ് ഐ.എസ്.ഐ ഏജന്റുമാരെ പരിചയപ്പെട്ടത്. ചാരവൃത്തി, രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരേ കേസെടുത്തു. ഇയാളുമായി ബന്ധമുള്ള മറ്റുള്ളവരെയും ശൃംഖലയില്‍ മറ്റ് വിദേശികളുണ്ടോയെന്നും പൊലിസും ഇന്റിജന്റ്‌സും അന്വേഷിച്ചുവരികയാണ്.

പാക് ചാരക്കേസില്‍ സെലിബ്രിറ്റി വ്‌ളോഗര്‍മാരും സൈനികരും സര്‍ക്കാര്‍ ഉദ്യോഗസ്ഥും ടെക്കികളും അടക്കമുള്ള രണ്ട് ഡസനിലേറെ പേരാണ് കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ അറസ്റ്റിലായത്. എന്നാല്‍ ഒരു വിദേശിക്ക് ഈ കേസില്‍ പങ്കുള്ളതായി വെളിപ്പെടുന്നത് ഇതാദ്യമാണ്.

 

A 43-year-old Nepali national, Prabhat Kumar Chaurasiya from Birganj, has been arrested by Delhi Police for allegedly supplying Indian SIM cards to Pakistan’s ISI, officials said on Tuesday. Chaurasiya was reportedly lured by the spy agency with promises of a US visa and opportunities in journalism, in exchange for which he agreed to provide SIM cards and collect information on sensitive defence establishments, including the DRDO and Army units.