20
Sep 2023
Sun
20 Sep 2023 Sun

ഡയമണ്ട് ലീഗില്‍ സ്വര്‍ണം കൈവിട്ട് നീരജ് ചോപ്ര; ലഭിച്ചത് വെള്ളി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യൂജിന്‍: ഡയമണ്ട് ലീഗിലെ ജാവലിന്‍ ത്രോയില്‍ കിരീടം കൈവിട്ട് ഇന്ത്യന്‍ സൂപ്പര്‍ താരം നീരജ് ചോപ്ര. യൂജിനില്‍ ഇന്ന് പുലര്‍ച്ച നടന്ന ഫൈനല്‍ മത്സരത്തില്‍ 83.80 മീറ്റര്‍ എറിഞ്ഞ് രണ്ടാം സ്ഥാനത്തെത്താനേ താരത്തിനായുളളു. 84.24 മീറ്റര്‍ പിന്നിട്ട ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്‌ലെക്കാണ് സ്വര്‍ണം. നിലവിലെ ചാമ്പ്യനായ നീരജ് ചോപ്രയ്ക്ക് 0.44 മീറ്ററിന്റെ വ്യത്യാസത്തിനാണ് സ്വര്‍ണം നഷ്ടമായത്.

ഇതോടെ പങ്കെടുത്ത നാലു ഡയമണ്ട് ലീഗുകളില്‍ നിന്നായി രണ്ടു വീതം സ്വര്‍ണവും വെള്ളിയും നീരജ് ചോപ്ര കരസ്ഥമാക്കി. 83.74 മീറ്റര്‍ എറിഞ്ഞ ഫിന്‍ലന്‍ഡിന്റെ ഒലിവര്‍ ഹെലാഡറിനാണ് വെങ്കലം.

ഡയമണ്ട് ലീഗ് സീസണിലെ മോശം പ്രകടനമാണ് ഫൈനല്‍ പോരാട്ടത്തില്‍ നീരജില്‍ നിന്നുണ്ടായത്. ദോഹയില്‍ 88.67 മീറ്ററും ലോസെയ്‌നില്‍ 87.66 മീറ്ററും എറിഞ്ഞ് ഒന്നാമനായ നീരജ് സൂറിച്ചില്‍ 85.71 മീറ്റര്‍ ദൂരം കണ്ടെത്തി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ലീഗുകളിലെ മികച്ച പ്രകടനത്തോടെയാണ് ഫൈനലിന് യോഗ്യത നേടിയത്. ആറ് താരങ്ങള്‍ മത്സരിച്ച ഫൈനല്‍ പോരാട്ടത്തില്‍ രണ്ടാമത്തെ ശ്രമത്തിലാണ് 83.30 മീറ്റര്‍ നീരജ് പിന്നിട്ടത്. മൂന്നാമത്തെ ഏറില്‍ 81.37 മീറ്ററും അഞ്ചാമത്തെ ശ്രമത്തില്‍ 80.74 മീറ്ററും ആറാമത്തെ ശ്രമത്തില്‍ 80.90 മീറ്ററുമാണ് നീരജിന് കണ്ടെത്താനായത്. ഒന്നും നാലും ശ്രമങ്ങള്‍ ഫൗളായി. വാദ്‌ലെ ആറാമത്തെ ഏറിലാണ് 84.24 മീറ്റര്‍ പിന്നിട്ടത്.