15
Apr 2024
Sun
15 Apr 2024 Sun

ദീനീ ജീവിതം നയിക്കാനാണ് സിനിമ ഉപേക്ഷിച്ചതെന്ന് നടി മുംതാസ്; ഞാന്‍ നിങ്ങളേക്കാള്‍ തെറ്റുകള്‍ ചെയ്തിട്ടുണ്ടെന്നും എനിക്കെങ്ങിനെ രക്ഷപ്പെടാമെന്നും ഷക്കീല

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് അടുത്തിടെ സിനിമ ഉപേക്ഷിച്ച് പൂര്‍ണമായും ആത്മീയജീവിതത്തിലേക്ക് തിരിഞ്ഞ നടി മുംതാസിന്റെയും ആദ്യകാല രതിചിത്രനടി ഷക്കീലയുടെയും അഭിമുഖം. പൂര്‍ണമായും ദീനീ ജീവിതം (മതത്തിന് വിധേയയായുള്ള ജീവിതം) നയിക്കാനാണ് സിനിമ ഉപേക്ഷിച്ചതെന്നും ഇനി തെറ്റിലേക്കില്ലെന്നും നടി മുംതാസ് പറയുമ്പോള്‍, ഞാന്‍ നിങ്ങളേക്കാള്‍ തെറ്റുകള്‍ ചെയ്തിട്ടുണ്ടെന്നും എനിക്കെങ്ങിനെ രക്ഷപ്പെടാന്‍ കഴിയുമെന്നും ഷക്കീല തിരിച്ചു ചോദിക്കുകയും ചെയ്യുന്നുണ്ട് അഭിമുഖത്തില്‍. തമിഴ് ചാനലാണ് മുസ്ലിം കുടുംബത്തില്‍നിന്നുള്ള രണ്ടുപേരുടെയും അഭിമുഖം പ്രസിദ്ധീകരിച്ചത്.

അല്ലാഹുവിന് പൂര്‍ണമായും വിധേയപ്പെടാന്‍ വേണ്ടിയാണ് സിനിമ ഉപേക്ഷിച്ചതെന്ന് മുംതാസ് പറഞ്ഞു. നമുക്ക് എന്തും അല്ലാഹുവിനോട് ആവശ്യപ്പെടാം. എന്നാല്‍, അത് നല്‍കണോ വേണ്ടയോ എന്നത് അല്ലാഹുവിന്റെ ഇഷ്ടമാണ്. അതേസമയം, ഹിദായത്ത് (മാര്‍ഗനിര്‍ദേശം) ചോദിച്ചാല്‍ അല്ലാഹു നല്‍കുക തന്നെ ചെയ്യും. ഞാന്‍ ഇപ്പോഴും അത് തേടുന്നുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ എന്നെ അവന്റെ പാതയിലലേക്ക് തെരഞ്ഞെടുത്തിരിക്കുന്നുവെന്നും മുംതാസ് പറഞ്ഞു.

ഈ മാറ്റത്തിന് നിരവധി കാരണങ്ങളുണ്ട്. പല സമയത്തും നമസ്‌കാരം പോലും ഇല്ലായിരുന്നു. പിന്നീട് ഖുര്‍ആനും അതിന്റെ വ്യാഖ്യാനങ്ങളിലൂടെയും കടന്നുപോയി. അപ്പോഴും ഞാന്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. പിന്നീട് സിനിമയില്‍ വലിയ വിജയങ്ങള്‍ വന്നു. ഈ സമയത്തും ആത്മീയമായ പാതകള്‍ പിന്തുടര്‍ന്നു.

മൗലാന താരീഖ് ജമീലാണ് എന്നില്‍ വലിയ സ്വാധീനം ചെലുത്തിയത്. ഈ പരിവര്‍ത്തനത്തിന് അല്ലാഹു അദ്ദേഹത്തെയാണ് നിയോഗിച്ചത്. തെറ്റുകള്‍ ഓര്‍ത്ത് ഞാന്‍ ഒരുപാട് കരയാറുണ്ട്. അതില്‍ നിന്ന് മോചനം നേടാനായി പ്രാര്‍ഥനകള്‍ ആരംഭിച്ചുവെന്നും മുംതാസ് വ്യക്തമാക്കി.

ഇത്തവണ ഹജ്ജിന് പോകുന്നുണ്ട്. ഈ ലോകത്ത് എനിക്ക് ഒരേയൊരു ഇടത്തേക്ക് പോകാന്‍ ?മാത്രമാണ് ഇഷ്ടം. അത് മക്കയും മദീനയുമാണ്. അബായ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഇപ്പോള്‍ അത് മാത്രമാണ് ധരിക്കാറ്. ലോകത്തിലെ ഏറ്റവും മുന്തിയ ഇനം വസ്ത്രങ്ങളെല്ലാം താന്‍ ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ, അബായ ധരിക്കുമ്പോള്‍ കൂടുതല്‍ ഭംഗിയുള്ളതായി അനുഭവപ്പെടുന്നു. അബായ ധരിക്കുമ്പോള്‍ ഞാനൊരു രാജ്ഞിയെപ്പോലെയാണ്.

ഇന്‍സ്റ്റാഗ്രാമില്‍ ഇപ്പോഴും പഴയ ചിത്രങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. അത് പുതുതായി എന്നെക്കുറിച്ച് അറിയുന്ന ആളുകള്‍ എന്റെ ഈ പരിവര്‍ത്തനം മനസ്സിലാക്കണം എന്ന് ഉദ്ദേശിച്ചാണ്. അവര്‍ ഒരിക്കലും ഗൂഗിളില്‍ പോയി എന്റെ ചിത്രങ്ങള്‍ തിരയരുത്. എന്റെ കൈയില്‍ ഒരുപാട് പണം വന്നാല്‍ താന്‍ അഭിനയിച്ച സിനിമകളുടെയെല്ലാം അവകാശം വാങ്ങി എല്ലാം നശിപ്പിക്കും. ഞാന്‍ നാളെ മരിച്ചുപോകുമ്പോള്‍ എന്റെ മോശം പടങ്ങള്‍ പങ്കുവെക്കരുത് എന്ന് മാത്രമാണ് എല്ലാവരോടുമുള്ള അഭ്യര്‍ഥനയെന്നും മുംതാസ് വ്യക്താമക്കി.

കുട്ടികളും കുടുംബവുമെല്ലാം ആഗ്രഹമുണ്ടെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം അതിന് സാധ്യമല്ലെന്നും അതിനാലാണ് കല്യാണം കഴിക്കാത്തതെന്നും ഷക്കീലയുടെ ചോദ്യത്തിന് മുംതാസ് മറുപടി പറഞ്ഞു. എല്ലാവര്‍ക്കും അല്ലാഹു എല്ലാം നല്‍കില്ല. ആരുടെയും ബാധ്യതയാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാന്‍ താത്പര്യമില്ലെന്നും മുംതാസ് കൂട്ടിച്ചേര്‍ത്തു. ”വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓട്ടോ ഇമ്മ്യൂണ്‍ ഡിസീസ് ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ദുര്‍ഘടമായിരുന്നു അത്. ആര്‍ക്കും ഞാന്‍ ബാധ്യതയാകരുത് എന്ന ചിന്തകൊണ്ടാണ് വിവാഹം വേണ്ടെന്ന് തീരുമാനിച്ചത്. എനിക്ക് കുടുംബമില്ലാത്തതിന്റെ വിഷമം എല്ലായ്‌പ്പോഴും തോന്നാറുണ്ട്. സിനിമയില്ലെങ്കിലും പൂര്‍വികരില്‍ നിന്നുള്ള സ്വത്തില്‍ നിന്ന് എനിക്ക് ജീവിക്കാനുള്ള വരുമാനം ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ജീവിതം സമാധാനത്തില്‍ പോകുന്നു. അതിനര്‍ഥം ഞാനൊരു പണക്കാരിയാണെന്നല്ല. ഒരുപാട് യാത്ര ചെയ്യാനുള്ള ആഗ്രഹവുമില്ല. മക്കയും മദീനയും കാണണം. അതാണ് ജീവിതാഭിലാഷം” മുംതാസ് കൂട്ടിച്ചേര്‍ത്തു.

മുംബൈ സിനിമാ ലോകത്ത് നിന്ന് തമിഴകത്തേക്ക് ചേക്കേറി തിളങ്ങിയ താരമാണ് മുംതാസ്. നഗ്മ ഖാന്‍ എന്നാണ് മുംതാസിന്റെ യഥാര്‍ഥ നാമം. മോഡലിങ്ങ് രംഗത്തു പ്രവര്‍ത്തിച്ചിരുന്ന കാലത്താണ് മുംതാസ് ‘മോനിഷ എന്‍ മോണാലിസ’ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചത്. നായികാവേഷങ്ങളിലും സഹനായികയായും ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചുവെങ്കിലും ഗ്ലാമര്‍ നൃത്തരംഗങ്ങളിലൂടെയാണ് പ്രശസ്തി നേടുന്നത്. വിജയ് നായകനായ ‘ഖുഷി’ എന്ന തമിഴ് ചിത്രത്തിലെ ‘കട്ടിപ്പുടി കട്ടിപ്പുടി ഡാ…’ എന്ന ഗാനരംഗത്തിലെ നൃത്തം മുംതാസിനെ ശ്രദ്ധേയയാക്കി. മോഹന്‍ലാല്‍ നായകനായ ‘താണ്ഡവ’ത്തിലെ ‘പാലും കുടമെടുത്ത്’ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ മുംതാസ് മലയാളികള്‍ക്കും സുപരിചിതയായി.

ഗ്ലാമറസ് വേഷങ്ങളുടെ പേരില്‍ ഒരു കാലത്ത് മുംതാസ് കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഇപ്പോള്‍ സിനിമ ഉപേക്ഷിച്ച് ഇസ്ലാം മതവിശ്വാസ പ്രകാരമുള്ള ജീവിതം നയിക്കുകയാണ് മുംതാസ്. തന്റെ പൂര്‍വ്വകാലത്തില്‍ കുറ്റബോധമുണ്ടെങ്കിലും ദൈവം നയിച്ച പാതയിലെത്തിയപ്പോള്‍ ഒരുപാട് അഭിമാനം തോന്നുണ്ടെന്നും മുംതാസ് പറയുന്നു.

I feel like crying when I remember the songs I did in past and dress I wore in them’; do not share my glamorous photos, says Mumtaj