കൊല്‍ക്കത്ത: പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയില്‍ ഭിന്നത രൂക്ഷമാവുന്നു. (Disagreements in INDIA alliance deepen; Mamata expresses dissatisfaction; SP leaves Maha Vikas Aghadi alliance) സഖ്യത്തിലെ പ്രധാന കക്ഷികളിലൊന്നായ ടിഎംസി അധ്യക്ഷ മമതാ ബാനര്‍ജി ഇന്ത്യാ മുന്നണിയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി വ്യക്തമാക്കി രംഗത്തെത്തി. അവസരം നല്‍കുകയാണെങ്കില്‍ താന്‍ നേതൃത്വം ഏറ്റെടുക്കാന്‍ സന്നദ്ധയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ മഹാരാഷ്ട്രയില്‍ ഇന്ത്യാ മുന്നണിക്ക് പകരം പ്രവര്‍ത്തിക്കുന്ന മഹാ വികാസ് അഘാടിയില്‍ നിന്ന് സമാജ്‌വാദി പാര്‍ട്ടി പിന്മാറി.
|
ഇന്ത്യ സഖ്യം രൂപവത്കരിച്ചത് ഞാനാണ്. അത് കൈകാര്യം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം ഇപ്പോള്‍ മുന്‍നിരയിലുള്ളവര്‍ക്കാണെന്നും മമത പറഞ്ഞു. അവര്‍ക്ക് അങ്ങനെ ചെയ്യാനാകുന്നില്ലെങ്കില്‍ ഞാന്‍ എന്തുചെയ്യാനാണ്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകേണ്ടതുണ്ട് എന്നേ പറയാനുള്ളൂ- മമത പറഞ്ഞു.
ബി.ജെ.പിയ്ക്കെതിരേ കടുത്ത നിലപാട് കൈക്കൊള്ളുന്ന നേതാവായിട്ടും എന്തുകൊണ്ടാണ് ഇന്ത്യ മുന്നണിയുടെ നേതൃസ്ഥാനം ഏറ്റെടുക്കാത്തത് എന്ന ചോദ്യത്തിന്- അവസരം ലഭിക്കുകയാണെങ്കില്‍, പ്രതിപക്ഷ സഖ്യത്തിന്റെ സുഗമമായ പ്രവര്‍ത്തനം താന്‍ ഉറപ്പാക്കുമെന്ന് മമത പറഞ്ഞു.
കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യാസഖ്യത്തിന്റെ നേതൃസ്ഥാനത്ത് മമതയെ നിയോഗിക്കണമെന്ന് ടി.എം.സി. എം.പി. കീര്‍ത്തി ആസാദ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യത്തോട് നല്ല തമാശ എന്നായിരുന്നു കോണ്‍ഗ്രസ് എം.പി. മാണിക്കം ടാഗോറിന്റെ പ്രതികരണം. ഇന്ത്യാ മുന്നണിയുടെയും പ്രതിപക്ഷ സഖ്യത്തിന്റെയും നേതാവ് രാഹുല്‍ ഗാന്ധിയാണെന്നും മറ്റൊരു നേതൃത്വം ഇപ്പോള്‍ ആവശ്യമില്ലെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വവും വ്യക്തമാക്കി.
മഹാ വികാസ് അഘാടി സഖ്യം വിട്ട് എസ്പി
മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യമുപേക്ഷിക്കാന്‍ തീരുമാനിച്ചതായി സമാജ് വാദി പാര്‍ട്ടി. സഖ്യത്തിലെ പ്രധാന പാര്‍ട്ടിയായ ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി ബാബറി മസ്ജിദ് തകര്‍ത്തതിനെയും അനുബന്ധ പത്രപരസ്യത്തെയും പ്രശംസിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. മഹാരാഷ്ട്രയില്‍ സമാജ്വാദി പാര്‍ട്ടിക്ക് രണ്ട് എംഎല്‍എമാരാണുള്ളത്.
ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 32-ാം വാര്‍ഷികത്തില്‍ ശിവസേന നേതാവായ മിലിന്ദ് നര്‍വേകര്‍ പങ്കുവെച്ച സോഷ്യല്‍ മീഡിയാ പോസ്റ്റാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ബാബറി മസ്ജിദിന്റെ ചിത്രവും ശിവസേന സ്ഥാപകനായ ബാല്‍ താക്കറേയുടെ ചിത്രവും ‘ ഇത് ചെയ്തവരെ കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു’ എന്ന അദ്ദേഹത്തിന്റെ വാക്കുകളും അടങ്ങുന്നതാണ് പോസ്റ്റ്. ഉദ്ദവ് താക്കറേയുടേയും ആദിത്യ താക്കറേയുടേയും സ്വന്തം ചിത്രവും മിലിന്ദ് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.





