26
Dec 2024
Sun
26 Dec 2024 Sun
Mallu Hindu WhatsApp group; Gopalakrishnan formatt phone several times

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ ഗോപാലകൃഷ്ണന്‍ ഐഎഎസ് പറഞ്ഞതെല്ലാം നുണയെന്ന് വ്യക്തം. ഗോപാലകൃഷ്ണന്റെ ഫോണ്‍ ആരും ഹാക്ക് ചെയ്തിട്ടില്ലെന്നതുള്‍പ്പെടെയുള്ള പൊലിസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തായി. ഗ്രൂപ്പ് ഉണ്ടാക്കിയ ഫോണ്‍ രണ്ട് തവണ ഫോര്‍മാറ്റ് ചെയ്ത് ഹാജരാക്കിയെന്നും, പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ ഹാജരാക്കിയത് മറ്റൊരു ഫോണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെ.ഗോപാലകൃഷ്ണന്റെ പ്രവര്‍ത്തികളില്‍ അടിമുടി ദുരൂഹതയെന്ന് റിപ്പോര്‍ട്ട് അക്കമിട്ട് പറയുന്നു. ഗോപാലകൃഷ്ണന്റെ പരാതി സത്യമെന്നു തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും പോലീസ് പറയുന്നു. ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതില്‍ അടിമുടി ദുരൂഹതയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒക്ടോബര്‍ 31നാണ് മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി എന്ന വാര്‍ത്ത പുറത്തെത്തുന്നത്. ഇതേദിവസം തന്നെ ഗോപാലകൃഷ്ണന്‍ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തു എന്നാണ് വിവരം. പിറ്റേദിവസം ഉച്ചയ്ക്ക് ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന് കാട്ടി ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ഗോപാലകൃഷ്ണന്‍ മെസേജ് അയക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഗോപാലകൃഷ്ണന്‍ പരാതി നല്‍കിയ നവംബര്‍ 4 ന് പോലീസ് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നവംബര്‍ 5നാണ് ഗോപാലകൃഷ്ണന്‍ ഫോണ്‍ നല്‍കിയത്. ഇതാകട്ടെ വാട്ട്‌സ് ആപ്പ് ഉപയോഗിക്കാത്ത മറ്റൊരു ഫോണ്‍ ആയിരുന്നു. പിന്നീട് നവംബര്‍ 6ന് യഥാര്‍ത്ഥ ഫോണ്‍ കൈമാറി. ഇതാകട്ടെ ഫോര്‍മാറ്റ് ചെയ്ത ശേഷവും. ആദ്യം ഫോണ്‍ ഫോര്‍മാറ്റ് ചെയ്തത് പൊലീസില്‍ പരാതി നല്‍കിയതിന് തലേദിവസമായ 3ാം തിയതിയായിരുന്നു. പിന്നാലെ നവംബര്‍ 6ന് ഫോണ്‍ ഹാജരാക്കുന്നതിനു മുന്‍പ് രാവിലെ രണ്ടു തവണ ഫോര്‍മാറ്റ് ചെയ്തു. ഫോറന്‍സിക് പരിശോധനയ്ക്ക് മുന്‍പേ പല തവണ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഹാക്ക് ചെയ്തതാണെന്നഗോപാലകൃഷ്ണന്റെ വാദം തെളിയിക്കുന്ന ഒന്നും കണ്ടെത്താനും കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ടാണ് സംസ്ഥാന പോലീസ് മേധാവി ചീഫ് സെക്രട്ടറിക്ക് കൈമാറിയത്. വ്യാജ പരാതി നല്‍കി തെറ്റിദ്ധരിപ്പിച്ചത് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചീഫ് സെക്രട്ടറിയുടെ ചാര്‍ജ് മെമ്മോയില്‍ നിന്നും ഒഴിവാക്കിയിരുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വര്‍ഗീയ ചേരിതിരിവ് ലക്ഷ്യമിട്ടുള്ള ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത് ഗോലാപകൃഷ്ണന്‍ തന്നെയാണെന്നും ഇക്കാര്യത്തില്‍ അദ്ദേഹം പറഞ്ഞതെല്ലാം നുണയാണെന്നും വ്യക്തമായിരിക്കുകയാണ്.

Mallu Hindu WhatsApp group; K. Gopalakrishnan formatted his phone several times