കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ മുസ്ലിം തടവുകാരോട് കടുത്ത വിവേചനം. (Discrimination against Muslim prisoners in Coimbatore Jail) മറ്റുള്ളവര്‍ക്കു ലഭിക്കുന്ന പല സൗകര്യങ്ങളും മുസ്ലിം തടവുകാര്‍ക്കു ലഭിക്കുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജയില്‍ ഡയറക്ടര്‍ ജനറലിന് പരാതി നല്‍കിയിട്ടുണ്ട്.
|
കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടന പരമ്പരയില്‍ ശിക്ഷിക്കപ്പെട്ട പതിനാറോളം പ്രതികളാണ് ഇപ്പോള്‍ കോയമ്പത്തൂര്‍ ജയിലിലുള്ളത്. 1998ല്‍ നടന്ന സ്ഫോടന പരമ്പരയുടെ പിന്നിലെ ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് നിരവധിപേരെ ജയിലിലടച്ചിരുന്നു. ഇവര്‍ക്ക് പുറമെ മറ്റ് കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ നിരവധി മുസ്ലിം തടവുകാര്‍ അവിടെയുണ്ട്.
ALSO READ: വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; ഡോക്ടറുടെ 48 ലക്ഷം രൂപ നഷ്ടമായി
ജയിലില്‍ കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ മറ്റുള്ളവര്‍ക്ക് 30 മിനിറ്റ് ലഭിക്കുമ്പോള്‍ മുസ്ലിം തടവുകാര്‍ക്ക് വെറും പത്ത് മിനിറ്റ് മാത്രമാണ് ലഭിക്കുന്നത്. കൂടാതെ മറ്റുള്ളവര്‍ക്ക് വീട്ടിലേക്ക് ആഴ്ചയില്‍ രണ്ട് തവണ വിളിക്കാന്‍ അനുവാദമുണ്ട് എന്നാല്‍ മുസ്ലിം തടവുകാര്‍ക്കാകട്ടെ ഒരു തവണ മാത്രമേ സാധിക്കുകയുള്ളു.
ജയിലിലെ കായിക വിനോദങ്ങളില്‍ നിന്നും മുസ്ലിം തടവുകാരെ മാറ്റി നിര്‍ത്തുന്നുണ്ട്. ബാറ്റ്മിന്റണ്‍, വോളിബോള്‍ തുടങ്ങിയ കായിക വിനോദങ്ങളില്‍ പങ്കെടുക്കാന്‍ ഇവര്‍ക്ക് അനുവാദമില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതിന് പുറമെ പുസ്തകങ്ങളും നോട്ട് ബുക്കുകളും ഇവര്‍ക്ക് നിഷേധിക്കപ്പെട്ടിട്ടുണ്ട്.
ജയിലിലെ നല്ല നടപ്പ് കണക്കിലെടുത്ത് തടവുകാരെ ജയില്‍ മോചിതരാക്കുന്നതിലും വലിയ അവഗണന ഇവര്‍ നേരിടുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു. കോയമ്പത്തൂര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട മുഹമ്മദ് അലി കാല്‍ നൂറ്റാണ്ടോളമായി ഇപ്പോഴും ജയിലിലാണ്. അലി മാത്രമല്ല മറ്റ് 16 മുസ്ലിം തടവുകാരും പതിറ്റാണ്ടുകളായി തടവില്‍ കഴിയുകയുയാണ്. എന്നാല്‍ ഇവര്‍ക്ക് ശിക്ഷ ഇളവ് നല്‍കുന്നതില്‍ ഇതുവരെയും തീരുമാനം ആയിട്ടില്ല.
കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട പ്രതികളെ മോചിപ്പിക്കണമെന്ന് വര്‍ഷങ്ങളായി പല രാഷ്ട്രീയ സംഘടനകളും ഭരണകക്ഷികളോട് ആവശ്യപ്പെട്ടിരുന്നു. ജയിലിലെ എല്ലാ തടവുകാര്‍ക്കും തുല്യ പരിഗണന ഉറപ്പ് വരുത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, ജയിലില്‍ വിവേചനം നിലനില്‍ക്കുന്നു എന്ന പരാതി കോയമ്പത്തൂര്‍ ജയില്‍ അധികൃതര്‍ തള്ളി.





