|
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരക്കാരുമായി സർക്കാർ നടത്തിയ ചർച്ച പരാജയം. ലത്തീൻ അതിരൂപത പ്രതിനിധികളുമായി മന്ത്രിസഭ ഉപസമിതി നടത്തിയ മൂന്നാംഘട്ട ചർച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. തുറമുഖ നിർമാണം നിർത്തിവച്ച് പഠനം നടത്തണമെന്ന് ലത്തീൻ അതിരൂപത ആവശ്യപ്പെട്ടെങ്കിലും ഇത് സർക്കാർ അംഗീകരിച്ചില്ല. ഇതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു.
അതേസമയം, സമരം തുടരുമെന്ന് വൈദികർ അറിയിച്ചു. തുറമുഖ നിർമാണം നിർത്തിവച്ച് പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്നും മറ്റ് സാങ്കേതിക വിദ്യകൾ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മണ്ണെണ്ണ സബ്സിഡിയുടെ കാര്യത്തിൽ ചർച്ച നടന്നില്ല. അതിരൂപതയുടെ അഭിപ്രായങ്ങൾ കേട്ടുവെങ്കിലും അനുകൂല നിലപാട് സ്വീകരിക്കാൻ സർക്കാർ തയ്യാറായില്ല.
ഇനി മുഖ്യമന്ത്രിയുമായി ചർച്ച നടത്താനാകുമെന്നാണ് സമരക്കാരുടെ പ്രതീക്ഷ. അതുവരെ സമരം അതിശക്തമായി തുടരുമെന്നും വൈദികർ വ്യക്തമാക്കി. അതേസമയം, സമരത്തെ നിർവീര്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വൈദികർ ചൂണ്ടിക്കാട്ടി. ഇതിനിടെ പുനരധിവാസത്തെക്കുറിച്ച് അടക്കം ചർച്ച ചെയ്യാൻ 27ന് പ്രത്യേക യോഗം ചേരും.



