മഞ്ചേരി ഗവ.മെഡിക്കല്‍ കോളജിലെ സീനിയര്‍ റെസിഡന്റ് ഡോക്ടര്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍. ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിലെ സീനിയര്‍ റെസിഡന്റ് ഡോക്ടര്‍ വളാഞ്ചേരി നടക്കാവില്‍ ഡോ.സാലിക് മുഹമ്മദിന്റെ ഭാര്യ ഡോ.ഫര്‍സീന(35)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നു. ഇന്നലെ വൈകിട്ട് നാലരക്കാണ് സംഭവം.
|
ജീവന്‍ അവസാനിപ്പിക്കുന്നതായി സൂചിപ്പിക്കുന്ന ആത്മഹത്യ സന്ദേശം വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെക്കുകയും സ്റ്റാറ്റസായി വെക്കുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട ഗ്രൂപ്പിലുള്ളവര്‍ ഉടന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ അറിയിച്ചു.
തുടര്‍ന്ന് എച്ച്.ഒ.ഡിയുടെ നിര്‍ദ്ദേശ പ്രകാരം വകുപ്പിലെ ഓര്‍ത്തോഡോണ്ടിസ്റ്റ് മറ്റൊരു ജീവനക്കാരനേയും കൂട്ടി ഡോക്ടറുടെ താമസ്ഥലത്തെത്തി ഡോക്ടറെ വിളിച്ചു. അവര്‍ക്കൊപ്പം മെഡിക്കല്‍ കോളജിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഫോണിലൂടെ വകുപ്പ് മേധാവിയും ഡോക്ടറോട് ആവശ്യപ്പെട്ടു.
ഡ്രസ് മാറ്റി വരാമെന്ന് പറഞ്ഞ് അകത്തു കയറിയ ഡോക്ടര്‍ വാതിലടച്ച് ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടിപൊളിച്ച് അകത്തു കടന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉച്ചക്ക് രണ്ടു മണി വരെ ഫര്‍സീന മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു.
ഇവര്‍ വിഷാദ രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രണ്ടു മാസം മുമ്പാണ് ഡോ.ഫര്‍സീന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും മഞ്ചേരിയിലെത്തിയത്. കല്‍പ്പകഞ്ചേരി മാമ്പ്ര ചെങ്ങണക്കാട്ടില്‍ കുഞ്ഞിപ്പോക്കരുടെ മകളാണ്.


