വ്യോമപ്രതിരോധ സംവിധാന രംഗത്ത് പുകള്‍ പെറ്റതാണ് ഇസ്രായേലിന്റെ അയേണ്‍ ഡോം. (DRDO Unveils Details of Project Kusha) ഗസാ യുദ്ധ സമയത്ത് പല വട്ടം ആ പേര് നാം കേട്ടിരുന്നു. നാല് ഭാഗത്തു നിന്നും പാഞ്ഞു വന്ന മിസൈലുകളെയും ഡ്രോണുകളെയും കൃത്യമായി കണ്ടെത്തി തകര്‍ത്തത് അയേണ്‍ ഡോമായിരുന്നു.
|
എന്നാല്‍, ഈ അയേണ്‍ ഡോമിന് വെല്ലുവിളി ഉയര്‍ത്തുന്ന സംവിധാനം വികസിപ്പിക്കുകയാണ് ഇന്ത്യ. വ്യോമപ്രതിരോധ സംവിധാനം സ്വന്തമായി വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒ ആണ് പുതിയ പദ്ധതിക്കു പിന്നില്‍.
നിലവില്‍ ഇന്ത്യയുടെ പക്കല്‍ ആകാശ് വ്യോമപ്രതിരോധ സംവിധാനവും റഷ്യന്‍ നിര്‍മിത എസ്-400 പ്രതിരോധ സംവിധാനവുമാണ് ഉള്ളത്. ഇതിന് പുറമെ ആണവ മിസൈലുകളെ പ്രതിരോധിക്കാനുള്ള ഇന്ത്യന്‍ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനവും തദ്ദേശീയമായി വികസിപ്പിച്ചിരുന്നു.
ഇതിനെയെല്ലാം കടത്തിവെട്ടുന്ന പുതിയ വ്യോമപ്രതിരോധ സംവിധാനമാണ് ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ALSO READ: തോന്നിയ നിരക്ക് പാടില്ല, കേരളത്തിൽ ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ചു; നിരക്ക് അറിയാം
പുകള്‍പെറ്റ ഇസ്രായേലിന്റെ അയണ്‍ഡോം, റഷ്യന്‍ എസ്-400 എന്നിവയെ പ്രകടനത്തില്‍ മറികടക്കുന്ന പുതിയ സംവിധാനമാണ് ഇന്ത്യ വികസിപ്പിക്കുന്നത്. ‘പ്രോജക്ട് കുശ’ (Project Kusha) എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
മൂന്ന് തരത്തിലുള്ള ഇന്റര്‍സെപ്റ്റര്‍ എസ്.എ.എം (സര്‍ഫസ് ടു എയര്‍ മിസൈല്‍) ആണ് ‘കുശ’യില്‍ ഉപയോഗിക്കുക. 150 കിലോ മീറ്റര്‍, 250 കിലോ മീറ്റര്‍, 350 കിലോ മീറ്റര്‍ എന്നിങ്ങനെയാകും ഇവയുടെ പ്രഹരപരിധി.
മറ്റ് രാജ്യങ്ങളുടെ പക്കലുള്ള ദീര്‍ഘദൂര വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ബദലാണ് ‘കുശ’. അതും അതിനേക്കാള്‍ മികച്ച രൂപത്തില്‍.
350 കിലോ മീറ്റര്‍ ദൂരെനിന്നുള്ള ലക്ഷ്യങ്ങളെ വരെ തിരിച്ചറിയാനും ഉടന്‍ പ്രതിരോധ മാര്‍ഗമൊരുക്കാനും ശേഷിയുള്ള റഡാര്‍ ഇതിനായി വികസിപ്പിക്കുന്നുണ്ട്. വ്യോമസേനയുടെ ഇന്റഗ്രേറ്റഡ് എയര്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സംവിധാനവുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ഇതിനെ വിഭാവനം ചെയ്തിരിക്കുന്നത്.
‘കുശ’ ഏതാണ്ട് പൂര്‍ണതയിലേക്കു നീങ്ങുന്നതായാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. 2022-ലാണ് സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി പ്രോജക്ട് ‘കുശ’യുടെ വികസനത്തിന് അനുമതി നല്‍കിയത്.
2023 സപ്തംബറില്‍ ‘കുശ’യുടെ അഞ്ച് സ്‌ക്വാഡ്രണുകള്‍ വാങ്ങാനുള്ള തീരുമാനമെടുക്കുകയും ചെയ്തു. ഏതാണ്ട് 21,700 കോടി രൂപയാണ് ഇതിന് വേണ്ടിവരിക.
നിലവില്‍ എയ്റോ ഇന്ത്യ പ്രതിരോധ പ്രദര്‍ശനത്തില്‍ ‘കുശ’യുടെ മാതൃക പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2025-ല്‍ ഇതിന്റെ ആദ്യ പ്രോട്ടോടൈപ്പ് പരീക്ഷണം തുടങ്ങും. ‘കുശ’യില്‍ ഉപയോഗിക്കേണ്ട മിസൈലുകളുടെ രൂപകല്‍പ്പനയും നിര്‍മാണവും ഏകദേശം പൂര്‍ണമായിക്കഴിഞ്ഞു.
ശത്രുക്കളുടെ ക്രൂസ് മിസൈലുകള്‍, ഒളി യുദ്ധവിമാനങ്ങള്‍, ആളില്ലാ യുദ്ധവിമാനങ്ങള്‍ എന്നിവയെ 250 കിലോ മീറ്റര്‍ ദൂരെനിന്നുതന്നെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ ‘കുശ’യ്ക്ക് സാധിക്കും. മാത്രമല്ല, വ്യോമാക്രമണങ്ങളെ മുന്‍കൂട്ടികണ്ട് പ്രതിരോധിക്കാന്‍ മുന്നറിയിപ്പ് നല്‍കുന്ന എയര്‍ബോണ്‍ ഏര്‍ലി വാണിങ് സംവിധാനമുള്‍പ്പെടുന്ന വിമാനങ്ങളെ 350 കിലോ മീറ്റര്‍ ദൂരെനിന്ന് തന്നെ തിരിച്ചറിയാന്‍ ‘കുശ’യ്ക്ക് സാധിക്കും.
നിലവിലെ കണക്കുകൂട്ടല്‍ അനുസരിച്ച് 80 ശതമാനത്തിന് മുകളിലാണ് കാര്യക്ഷമത. ഇന്ത്യക്കു നേരെ വരുന്ന 80 ശതമാനം വ്യോമാക്രമണങ്ങളെയും പ്രതിരോധിക്കാന്‍ കുശയ്ക്ക് സാധിക്കുമെന്ന് സാരം.
ഒറ്റ മിസൈല്‍ കൊണ്ട് തന്നെ ശത്രുലക്ഷ്യങ്ങളെ പ്രതിരോധിക്കാനാകും. ഒരേസമയം രണ്ട് മിസൈലുകള്‍ ഉപയോഗിച്ചാണെങ്കില്‍ വിജയസാധ്യത 90 ശതമാനത്തിന് മുകളിലേക്ക് ഉയരും.
‘കുശ’യുടെ നാവിക പതിപ്പും വികസനത്തിന്റെ പാതയിലാണ്. ഇതിന് പരമാവധി 250 കിലോ മീറ്റര്‍ ദൂരെനിന്നുള്ള കപ്പല്‍വേധ മിസൈല്‍ ആക്രമണങ്ങളില്‍ നിന്നുള്ള പരിരക്ഷ ഉറപ്പുവരുത്താനാകും. ഒരേ സമയം ആകാശത്തും കടലിലും സംരക്ഷണ കുടയൊരുക്കുന്നതാവും ഇന്ത്യയുടെ സ്വന്തം കുശ.


