ദുബയ്: മൂന്നര വര്‍ഷം മുന്‍പ് ദുബയിലുണ്ടായ ബസ്സപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ യുവാവിന് 50 ലക്ഷം ദിര്‍ഹം(11.15 കോടി രൂപ)നഷ്ടപരിഹാരവും കോടതി ചെലവും നല്കാന് ഇന്ഷുറന്സ് കമ്പനിയോട് ദുബയ് കോടതി. യുഎഇയില്‍ അപകട ഇന്‍ഷുറന്‍സില്‍ ഒരിന്ത്യക്കാരന് ലഭിക്കുന്ന ഏറ്റവും വലിയ അപകട നഷ്ടപരിഹാര തുകയാണിത്. 2019 ജൂണില്‍ ഒമാനില്‍ നിന്ന് ദുബയിലേക്ക് വന്ന ഒമാന്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്. ദുബയിലെ റാഷിദിയയില്‍ വെച്ചുണ്ടായ അപകടത്തില്‍ അപകടത്തില്‍ സാരമായി പരിക്കേറ്റ ഹൈദരാബാദ് സ്വദേശിയും റാസല്‍ ഖൈമയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുമായിരുന്ന മുഹമ്മദ് ബേഗ് മിര്‍സ എന്ന യുവാവിനാണ് ദുബയ് കോടതി 50 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വിധിച്ചത്.
|
ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രാന്‍ഗള്‍ഫ് അഡ്വക്കേറ്റ്സ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഈസാ അനീസ്, അഡ്വ.യു സി അബ്ദുല്ല, അഡ്വ. മുഹമ്മദ് ഫാസില്‍ എന്നിവരാണ് മുഹമ്മദ് ബേഗ് മിര്‍സക്കു വേണ്ടി കേസ് ഏറ്റെടുത്തു നടത്തിയത്. ഒരു പെരുന്നാള്‍ ആഘോഷകാലത്താണ് യുഎഇയെ നടുക്കിയ വാഹനാപകടം നടക്കുന്നത്. ദുബയ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്നും റാഷിദിയ മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന എന്‍ട്രി പോയന്റിലേക്കു വഴി മാറി അശ്രദ്ധമായി പ്രവേശിച്ചതിനെ തുടര്‍ന്ന് ഹൈബാറില്‍ ബസ്സിടിച്ചാണ് അപകട ദുരന്തമുണ്ടായത്. അപകടത്തില്‍ ബസ്സിന്റെ ഇടത് മുകള്‍ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു. 12 ഇന്ത്യക്കാരടക്കം 17 പേരാണ് അപകടത്തില്‍ മരിച്ചത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 31 യാത്രക്കാര്‍ ബസ്സില്‍ ഉണ്ടായിരുന്നു. നഷ്ടപരിഹാരത്തുകയ്ക്ക് അര്‍ഹനായ മുഹമ്മദ് ബേഗ് മിര്‍സക്ക് അപകടം നടക്കുമ്പോള്‍ 20 വയസ്സായിരുന്നു. റമദാന്‍ ഈദ് അവധിക്കാലം ഉമ്മയുടെ ബന്ധുക്കളോടൊപ്പം ചെലവഴിക്കാന്‍ മസ്‌ക്കറ്റിലേക്ക് പോയി മടങ്ങിവരവേയാണ് മുഹമ്മദ് ബേഗ് അപകടത്തില്‍പ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് യുവാവിന്റെ പഠനം നിലയ്ക്കുക മാത്രമല്ല സ്വാഭാവിക ജീവിതം തന്നെ നഷ്ടപ്പെട്ടു. ദീര്‍ഘകാലത്തെ തുടര്‍ ചികിത്സയ്ക്ക് ശേഷവും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ മുഹമ്മദ് ബേഗിന് കഴിഞ്ഞില്ല. മസ്തിഷ്‌കത്തിന് 50% സ്ഥിരവൈകല്യം നിലനില്‍ക്കുന്ന അവസ്ഥയിലാണിപ്പോള്‍.
മസ്തിഷ്‌കത്തിലുണ്ടായ പരിക്കിന് പുറമെ തലയോട്ടിക്കും ചെവിക്കും വായക്കും ശ്വാസകോശത്തിനും കൈകള്‍ക്കും കാലുകള്‍ക്കും സംഭവിച്ച ആഘാതങ്ങളും സ്ഥായിയാണെന്നു ഷാര്‍ജ കോടതിയിലെ ഫോറന്‍സിക് മെഡിക്കല്‍ വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനനത്തിലാണ് ദുബയ് കോടതി അഞ്ച് മില്യണ്‍ നഷ്ടപരിഹാരത്തുക ബസ്സിന്റെ ഇന്‍ഷുറന്‍സ് കമ്പനി നല്‍കുവാന്‍ വിധിയായത്.
ഫ്രാന്‍ഗള്‍ഫ് അഡ്വക്കേറ്റ്സ് മുഖ്യ ഉപദേഷ്ടാവ് ശരീഫ് അല്‍വര്‍ദയുടെ മേല്‍നോട്ടത്തില്‍ യുഎഇ അഡ്വക്കേറ്റുമാരായ ഹസ്സന്‍ അശൂര്‍ അല്‍ മുല്ല, അഡ്വ. ഫരീദ് അല്‍ ഹസ്സന്‍ എന്നിവരാണ് രണ്ടു വര്‍ഷത്തിലധികം ഇന്‍ഷുറന്‍സ് അതോറിറ്റി മുതല്‍ സുപ്രീം കോര്‍ട്ട് വരെയുള്ള കോടതികളില്‍ നടന്ന കേസുകള്‍ക്കു വിവിധ ഘട്ടങ്ങളില്‍ ഹാജരായത്. പ്രാരംഭ ഘട്ടത്തില്‍ യു എ ഇ ഇന്‍ഷുറന്‍സ് അതോറിറ്റി കോടതിയില്‍ കേസ് പരിഗണിച്ചെങ്കിലും 1 മില്യണ്‍ ദിര്‍ഹം മാത്രമാണ് നഷ്ടപരിഹാര സംഖ്യ ആയി വിധിച്ചത്. ഇതിനെതിരേ ഹരജിക്കാര്‍ അപ്പീല്‍ കോടതിയെ സമീപിക്കുകയും നഷ്ടപരിഹാര സംഖ്യ 5 മില്യണ്‍ ദിര്‍ഹമായി വര്‍ധിപ്പിച്ചു വിധി സമ്പാദിക്കുകയായിരുന്നു. ഇന്‍ഷുറന്‍സ് കമ്പനി രണ്ടു തവണ സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും സുപ്രീം കോടതി അപ്പീല്‍ കോടതിയുടെ വിധി ശരിവയ്ക്കുകയാണ് ചെയ്തത്.





