03
Jul 2026
Fri
03 Jul 2026 Fri
DYFI leader gets bail over Kafir Screen Shot case

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം. കോഴിക്കോട് സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ വടകര സെഷന്‍സ് കോടതി ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കോടതി ജിതിന്‍ ഭാസ്‌കറിനെ പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെ അഞ്ച് നേരം നിസ്‌കരിക്കുന്ന ദീനിയായ മുസ് ലിമായും കെകെ ശൈലജയെ കാഫിറായും ചിത്രീകരിച്ചുള്ളതായിരുന്നു വിവാദ സ്‌ക്രീന്‍ ഷോട്ട്. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിമിനെയാണ് കേസില്‍ ആദ്യം പോലീസ് പ്രതി ചേര്‍ത്തത്. ഹൈക്കോടതി ഇടപടെലിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിബേഷ് രാമകൃഷ്ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി. തുടര്‍ന്ന് അന്വേഷണം മുന്നോട്ട് പോയില്ല.

എസ്‌ഐടി അന്വേഷണത്തിലാണ് ജിതിന്‍ ഭാസ്‌കര്‍ പിടിയിലായത്. ജിതിന്‍ ഭാസ്‌കറിന്റെ മൊബൈല്‍ ഫോണ്‍ റീസെറ്റ് ചെയ്ത് തെളിവുകള്‍ നശിപ്പിച്ചതിനാല്‍ ജില്ലാ ഫോറന്‍സിക് വിഭാഗത്തിന് ഡേറ്റ തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം വ്യക്തികള്‍ക്കും ഗ്രൂപ്പുകളിലേക്കും ജിതിന്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തലുണ്ട്.

സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്യപ്പെട്ടത് 200 ഓളം ഗ്രൂപ്പുകളിലേക്കാണെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ജിതിന്‍ ഭാസ്‌കര്‍ ആദ്യം ‘വടകര സ്‌ക്വാഡ്’ എന്ന വാട്‌സാപ് ഗ്രൂപ്പിലും തുടര്‍ന്ന് ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ ‘റെഡ് എന്‍കൗണ്ടര്‍’ എന്ന ഗ്രൂപ്പിലും പ്രചരിപ്പിച്ചുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനം. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജിതിന്‍ ഭാസ്‌കറിലേക്ക് എത്തിയത്.

ALSO READ: ധ്യാനം കൂടാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച വികാരി അറസ്റ്റില്‍