15
Jul 2025
Thu
15 Jul 2025 Thu
Anil Ambani

ന്യൂഡല്‍ഹി: റിലയന്‍സ് കമ്യൂണിക്കേഷന്‍ ചെയര്‍മാന്‍ അനില്‍ അംബാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. (ED raids Anil Ambani group companies in Yes Bank loan diversion case)  റിലയന്‍സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട 35 കേന്ദ്രങ്ങളിലും 50 കമ്പനികളിലുമാണ് റെയ്ഡ് നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യെസ് ബാങ്ക് ലോണ്‍ തട്ടിപ്പ് കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. സംഭവത്തില്‍ 2022ല്‍ സിബിഐ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

വിവിധ അന്വേഷണ, റെഗുലേറ്റിങ് ഏജന്‍സികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി പരിശോധന. നാഷണല്‍ ഹൗസിങ് ബാങ്ക്, സെബി, നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിങ് അതോറിറ്റി, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അന്വേഷണത്തിനായി ഇ.ഡി തേടിയിട്ടുണ്ട്.

ALSO READ: കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച പിതാവും രണ്ടു പെണ്‍മക്കളും മരിച്ചു; ഭാര്യയും മറ്റു രണ്ട് മക്കളും ആശുപത്രിയില്‍

യെസ് ബാങ്കില്‍ നിന്നും 2017ല്‍ എടുത്ത 3000 കോടിയുമായി ബന്ധപ്പെട്ടാണ് പ്രധാനമായും അന്വേഷണം നടക്കുന്നതെന്ന് ഇ.ഡി അറിയിച്ചു. ഈ പണം ഷെല്‍ കമ്പനികളിലേക്കും മറ്റ് ഗ്രൂപ്പുകളിലേക്കും വഴിതിരിച്ചുവിട്ടതായാണ് ആരോപണം.

അനധികൃതമായി വായ്പ്പ തരപ്പെടുത്തുന്നതിന് യെസ് ബാങ്കിന്റെ പ്രമോട്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈക്കൂലി നല്‍കിയതിന്റെ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.. റിലയന്‍സിന്റെ പല കമ്പനികളുടേയും വരുമാനത്തില്‍ പെട്ടെന്നുണ്ടായ വര്‍ധനവിന് പിന്നിലും തട്ടിപ്പാണെന്നാണ് സൂചനയാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.

യെസ് ബാങ്ക് ലോണിന് അപ്രൂവല്‍ നല്‍കിയതില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിലെ ക്രമക്കേടുകള്‍ സംബന്ധിച്ചും സെബി റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കമ്പനിയുടെ കോര്‍പറേറ്റ് ലോണ്‍ ഒരു വര്‍ഷത്തിനകം ഇരട്ടിയിലേറെ ആയത് സംശയാസ്പദമാണെന്നാണ് സെബി പറയുന്നത്.

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സുമായി ബന്ധപ്പെട്ട ഒരു ലോണ്‍ അക്കൗണ്ട് തട്ടിപ്പാണെന്ന് എസ്ബിഐ അറിയിച്ചതായി കഴിഞ്ഞ ദിവസം ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം തേടുകയാണെന്നും അറിയിച്ചിരുന്നു. തൊട്ട് പിന്നാലെയാണ് റെയ്ഡ്.