കൊച്ചി: പീഡനക്കേസ് പ്രതിയായ കോൺഗ്രസ് എംഎൽഎ എല്‍ദോസ് കുന്നപ്പിള്ളി ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്ലീനറി സമ്മേളനത്തിൽ. പ്രതിയായ എംഎല്‍എ സംസ്ഥാനം വിടരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പരാതിക്കാരിയായ യുവതി പറയുന്നു. റായ്പൂരിലെ പ്ലീനറി സമ്മേളനത്തില്‍ എല്‍ദോസ് പങ്കെടുത്തത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി വ്യക്തമാക്കി.
|
ജാമ്യവ്യവസ്ഥ ലംഘനത്തിന് കോണ്‍ഗ്രസും കൂട്ടുനിന്നെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിക്കും യുവതി കത്തയച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടയാളാണ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്തതെന്നും യുവതി കത്തില്‍ ചൂണ്ടിക്കാട്ടി.
ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യമനുവദിച്ച ഉത്തരവിലെ വിവിധ ജാമ്യ വ്യവസ്ഥകളാണ് ലംഘിക്കപ്പെട്ടത്. അന്വേഷണം പൂർത്തിയാകും വരെ മജിസ്‌ട്രേറ്റിന്റെ അനുമതി ഇല്ലാതെ സംസ്ഥാനം വിട്ടുപോകരുത് എന്നാണ് 2022 ഡിസംബറിലെ ഈ ഉത്തരവിൽ പറയുന്നത്.
കേസിൽ ഇതുവരെ കുറ്റപത്രം നൽകിയിട്ടില്ല. കോടതി ജാമ്യ വ്യവസ്ഥയിൽ ഇളവും നൽകിയിട്ടില്ല. ജാമ്യ വ്യവസ്ഥ ലംഘിച്ച് സംസ്ഥാനന്തര യാത്ര നടത്തിയതിന് തെളിവായി പ്രതിപക്ഷ നേതാവിന്റെയും കെപിസിസി അധ്യക്ഷന്റേയും കൂടെ റായ്പൂരിൽ നിൽക്കുന്ന ചിത്രങ്ങൾ എംഎൽഎ തന്നെ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജാമ്യവ്യവസ്ഥയിൽ കോടതി ഇളവ് നൽകിയിട്ടില്ലെന്നും ഇതിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും എൽദോസ് തന്നെ പറയുന്നു.
പീഡനക്കേസിന് പിന്നാലെ കഴിഞ്ഞ ഒക്ടോബര്‍ 22നാണ് എല്‍ദോസിനെ കെപിസിസി, ഡിസിസി അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. ആറു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. പീഡന പരാതിയില്‍ എംഎല്‍എ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തിയിരുന്നു. തുടര്‍ന്നായിരുന്നു നടപടി. സസ്പെൻഷനിലായിരിക്കെയാണ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തത്.


